ആരും ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല, നടന്നത് തട്ടിപ്പ്'; പുറത്തുവരുന്നത് 56 വര്‍ഷങ്ങള്‍ക്ക് മുൻപത്തെ നാടകമോ?

മനുഷ്യന് ഇതൊരു ചെറിയ കാല്‍വയ്പ്പായിരിക്കാം, എന്നാല്‍ മാനവരാശിക്കിത് വലിയൊരു കുതിച്ചുചാട്ടമാണ്', എന്നാണ് 1969 ജൂലായ് 20ന് ചന്ദ്രനില്‍ കാലുകുത്തിയതിനുശേഷം ബഹിരാകാശ സഞ്ചാരിയായ നീല്‍ ആംസ്‌ട്രോംഗ് പറഞ്ഞത്.ശാസ്ത്രലോകത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് നടന്നിട്ട് അഞ്ച് ദശകങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും മനുഷ്യൻ ചന്ദ്രനില്‍ ഇറങ്ങിയതിനെ സംശയിക്കുന്നവർ ധാരാളമാണ്. ഇതുസംബന്ധിച്ച് ധാരാളം ഗൂഢാലോചനാ സിദ്ധാന്തങ്ങളും ശക്തമാണ്.
അപ്പോളോ 11 മിഷന്റെ ഭാഗമായി മനുഷ്യൻ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി 56 വർഷം പിന്നിട്ട കഴിഞ്ഞ ജൂലായ് 20ന് നാസ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഞങ്ങള്‍ വീണ്ടും എത്തിയിരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് നാസ പോസ്റ്റ് പങ്കുവച്ചത്. '56 വർഷം മുൻപ് നാസ ഗഗനചാരികളായ നീല്‍ ആംസ്‌ട്രോംഗും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. ഇപ്പോള്‍ ചന്ദ്രനില്‍ തിരികെയെത്താൻ അന്താരാഷ്ട്ര, വാണിജ്യ പങ്കാളികളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് ഞങ്ങള്‍. ചന്ദ്രനില്‍ ദീർഘകാല സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചൊവ്വയിലേക്കുള്ള ഞങ്ങളുടെ ആദ്യത്തെ ക്രൂ ദൗത്യങ്ങളിലേക്കുള്ള നിർണായക ചുവടുവയ്പ്പ് കൂടിയായിരിക്കുമിത്.
ചന്ദ്രനെപ്പോലെ ചൊവ്വയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് സമ്ബന്നമായ സ്ഥലമാണ്. കൂടാതെ മനുഷ്യർക്ക് ഭൂമിയില്‍ നിന്ന് വളരെ ദൂരം സഞ്ചരിക്കാനും പര്യവേക്ഷണം നടത്താനും കഴിയുന്ന സാങ്കേതികവിദ്യകളുടെ ഒരു ചാലകശക്തിയുമാണ്. ചുവന്ന ഗ്രഹത്തെക്കുറിച്ച് പഠിക്കുന്നത് ഭൂമിയുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് കൂടുതല്‍ മനസിലാക്കാൻ സഹായിക്കും. കൂടാതെ നമ്മുടെ സ്വന്തം ഗ്രഹത്തിനപ്പുറം ജീവൻ നിലനില്‍ക്കുന്നുണ്ടോ എന്ന് ഉത്തരം നല്‍കാനും സഹായിക്കും'- എന്നാണ് നാസ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.
നടന്നത് തട്ടിപ്പോ?
ചന്ദ്രനെക്കുറിച്ച് പണ്ടുകാലം മുതല്‍ക്കുതന്നെ പല വ്യാജ വാർത്തകളും സിദ്ധാന്തങ്ങളും നിലനില്‍ക്കുന്നുണ്ട്. 'ദി ഗ്രേറ്റ് മൂണ്‍ ഹോക്‌സ്' (ചാന്ദ്രിക തട്ടിപ്പ്) എന്ന പേരില്‍ 1835ല്‍ ദി ന്യൂയോർക്ക് സണ്‍ എന്ന മാദ്ധ്യമത്തില്‍ പുറത്തുവന്ന ലേഖനങ്ങളാണ് ഇവയില്‍ ആദ്യത്തേത്. ഒരു ബഹിരാകാശ സഞ്ചാരി ചന്ദ്രനില്‍ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്നായിരുന്നു ലേഖനങ്ങളില്‍ പറഞ്ഞത്. തമാശരൂപേണ പ്രസിദ്ധീകരിച്ച ഈ ലേഖലനങ്ങള്‍ ആളുകള്‍ വളരെ വേഗം വിശ്വസിക്കുകയായിരുന്നു.
ധാരാളം ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇന്നും പലരും കരുതുന്നത് 1969ലെ ചാന്ദ്ര മിഷൻ വ്യാജമാണെന്നും മനുഷ്യൻ ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയിട്ടില്ല എന്നുമാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച ചർച്ചകളും സിദ്ധാന്തങ്ങളും ശക്തിയാർജിക്കുന്നത്. യുഎസ് സർക്കാർ അപ്പോളോ മിഷൻ വ്യാജമായി നിർമ്മിച്ചതാണ് എന്നുള്ള സംശയങ്ങളാണ് പലരും ഉന്നയിക്കുന്നത്. അപ്പോളോ ലാൻഡിംഗുകള്‍ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചതാണെന്നും പലരും അവകാശപ്പെടുന്നു.
പ്രധാന സിദ്ധാന്തങ്ങള്‍
ചന്ദ്രന് പ്രത്യേക അന്തരീക്ഷം ഇല്ലാത്തതിനാല്‍ ഭൂമിയിലെപ്പോലെ കാലാവസ്ഥയും ഉണ്ടാകില്ല. അതിനാല്‍ത്തന്നെ ചന്ദ്രനില്‍ കാറ്റുമില്ല. പിന്നെ നാസ പുറത്തുവിട്ട ചിത്രത്തിലെ അമേരിക്കൻ കൊടി എങ്ങനെയാണ് പറക്കുന്നതായി കാണുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ബഹിരാകാശ യാത്രികൻ കൊടി കുത്തിനിർത്താൻ ശ്രമിച്ചപ്പോള്‍ ഇളക്കം തട്ടിയതാണ് ചിത്രത്തില്‍ കാറ്റത്ത് ഇളകുന്നതുപോലെ കാണിക്കുന്നതെന്നാണ് മറുവാദം. മാത്രമല്ല, ചന്ദ്രനില്‍ ചെറിയ അന്തരീക്ഷം ഉള്ളതിനാല്‍ ബഹിരാകാശ സഞ്ചാരി നാട്ടിനിർത്തിയ കൊടി അതുപോലെ നിലകൊള്ളുകയും ചെയ്തുവെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.
ചിത്രത്തില്‍ നക്ഷത്രങ്ങളെ കാണാൻ സാധിക്കാത്തതാണ് അപ്പോളോ മിഷൻ തട്ടിപ്പായിരുന്നുവെന്ന് വാദിക്കാനുള്ള മറ്റൊരു കാരണം. എന്നാല്‍ ചന്ദ്രനില്‍ പകല്‍ സമയം ആയിരുന്നപ്പോഴാണ് സഞ്ചാരികള്‍ എത്തിയത്. സൂര്യന്റെ വെളിച്ചത്താല്‍ പ്രകാശമുഖരിതമായിരുന്നു ചന്ദ്രോപരിതലം. അതിനാലാണ് പശ്ചാത്തലത്തില്‍ നക്ഷത്രങ്ങളെ കാണാത്തതെന്നാണ് ഈ വാദത്തിന് ശാസ്ത്രജ്ഞർ നല്‍കുന്ന വിശദീകരണം.
ചന്ദ്രോപരിതലത്തില്‍ നിന്നെടുത്ത ഷൂസ് അടയാളത്തിന്റെ ചിത്രവും നീല്‍ ആംസ്‌ട്രോംഗ് ധരിച്ചിരുന്ന ഷൂസും യോജിക്കുന്നില്ല എന്നാണ് മറ്റുചിലർ ഉയർത്തുന്ന സംശയം. ഫോട്ടോയില്‍ കാണുന്ന ചന്ദ്രനിലെ കാല്‍പ്പാട് ആംസ്ട്രോംഗിന്റേതല്ല, മറിച്ച് ബസ് ആല്‍ഡ്രിന്റേതാണ്. കൂടാതെ, ആ കാല്‍പ്പാട് ഒരു ചാന്ദ്ര ഓവർഷൂവിന്റേതായിരുന്നു. പൊടിയില്‍ കൂടുതല്‍ ട്രാക്ഷൻ നല്‍കുന്നതിനായി ബഹിരാകാശയാത്രികർ സ്‌പേസ് സ്യൂട്ട് ബൂട്ടുകള്‍ക്ക് മുകളില്‍ ധരിക്കുന്ന ഷൂസാണിത്. ഭാരക്കൂടുതല്‍ കാരണം ആംസ്‌ട്രോംഗും ബസും ഈ ഓവർഷൂസുകള്‍ ചന്ദ്രനില്‍ ഉപേക്ഷിക്കുകയും ചെയ്തു. 2015ല്‍ ജ്യോതിശാസ്ത്രജ്ഞനായ ഫില്‍ പ്ലെയിറ്റ് എടുത്ത വ്യത്യസ്തമായ ഡിസൈൻ ഉള്ള ആംസ്ട്രോംഗിന്റെ സ്യൂട്ടുമായി ബന്ധപ്പെട്ട ഫോട്ടോയില്‍ നിന്നാണ് ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തത്.
ചന്ദ്രനിലേക്കുള്ള യാത്രയില്‍ ബഹിരാകാശയാത്രികർക്ക് മാരകമായ റേഡിയേഷൻ ഏറ്റിരിക്കാമെന്നാണ് മറ്റൊരു വാദം. എന്നാല്‍ ബഹിരാകാശയാത്രികർ സംരക്ഷണ സ്യൂട്ടുകള്‍ ധരിച്ചിരുന്നുവെന്നും റേഡിയേഷൻ കുറയ്ക്കുന്നതിന് ബഹിരാകാശ പേടകത്തിന് കവചം ഉണ്ടായിരുന്നുവെന്നുമാണ് വിദഗ്ദ്ധർ നല്‍കുന്ന മറുപടി.
1960കളേക്കാള്‍ മികച്ച സാങ്കേതിക വിദ്യ ഇന്നുണ്ടായിട്ടും എന്തുകൊണ്ട് രണ്ടാമതൊരു ലൂണാർ മിഷൻ സാധിക്കുന്നില്ലെന്നും പലരും ചോദ്യമുന്നയിക്കുന്നു.
അതേസമയം, ചന്ദ്രനില്‍ നിന്ന് തിരികെയെത്തിയ അപ്പോളോ ബഹിരാകാശയാത്രികർ 800 പൗണ്ടിലധികം ചന്ദ്രനിലെ പാറകളും മണ്ണും തിരികെ കൊണ്ടുവന്നിരുന്നു. ഇവ ശാസ്ത്രജ്ഞർ വിശദമായി പഠിക്കുകയും ചന്ദ്രനില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.





