World
HomeNews

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ മലയാളി വനിതയായി കണ്ണൂർ വേങ്ങാട് സ്വദേശിനി.

21 May 20251 മിനിറ്റ് വായന
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ മലയാളി വനിതയായി കണ്ണൂർ വേങ്ങാട് സ്വദേശിനി.

 



കണ്ണൂർ ജില്ലയിൽ വേങ്ങാടെ പി എം അബ്ദുൽ ലത്തീഫിന്റെയും കെ പി സുബൈദയുടെയും മകളായ സഫ്രീനയാണ് അപൂർവ്വ നേട്ടത്തിനുടമ. ഭർത്താവിനോടൊപ്പം ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്. ഭർത്താവ് ഡോ. ഷമീൽ മുസ്ത‌ഫ അവിടെ ഹമാദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനാണ്. മകൾ മിൻഹ.


മെയ് 18ന് രാവിലെ 10.25നാണ് സഫ്രീന ഉയരങ്ങൾ കീഴടക്കി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.


ക്യാംപിൽനിന്ന് 14 മണിക്കൂർ കൊണ്ട് കയറി 8848.86 മീറ്റർ ഉയരം കീഴടക്കിയാണ് വനിതാ പർവതാരോഹരുടെ നിരയിൽ സഫ്രീന അഭിമാന നേട്ടത്തിന് ഉടമയായത്. നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ചരിത്ര നേട്ടം കൈവരിച്ചതെന്നും വിവിധ മലനിരകൾ നേരത്തെ താൻ കീഴടക്കിയിരുന്നു എന്നും സഫ്രീന പറഞ്ഞു. ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതനിര 2021ലും അർജൻ്റീനയിലെ അക്വാൻകാഗ്വ 2022 ലും റഷ്യയിലെ മൗണ്ട് എൽബ്രസ് 2024ലും കയറിയിട്ടുണ്ട്. 2023ൽ കസാക്കിസ്ഥാനിലെ ഉയരം കൂടിയ മഞ്ഞുമല കീഴടക്കിയും തൻ്റെ ആരോഹണ മികവ് അവർ തെളിയിച്ചിരുന്നു. ദീർഘകാലത്തെ പരിശ്രമത്തിനൊടുവിലാണ് ഉയരങ്ങൾ കീഴടക്കാനുള്ള ശാരീരിക ക്ഷമതയും മാനസികമായ കരുത്തും അവർ നേടിയത്. തൻ്റെ ഭർത്താവും കുടുംബവും സുഹൃത്തുക്കളുമെല്ലാം നൽകിയ നല്ല പിന്തുണയാണ് ഈ ഉജ്വല നേട്ടത്തിന് കാരണമായതെന്ന് അവർ പറഞ്ഞു. നേപ്പാൾ തിബത്തൻ ബോർഡറിലുള്ള ഹിമാലയത്തിൻ്റെ ഉയർന്ന ഭാഗമാണ് ഇവർ അതിസാഹസികമായി നടന്ന്‌കയറി കീഴടക്കിയത്. ലോകത്തിലെ പർവതാരോഹരുടെ ഇടയിൽ ഈ മലയാളി വനിത നേടിയ മികവാർന്ന നേട്ടം നാട് ഒന്നാകെ ആഹ്ലാദത്തോടെ ചേർത്ത് പിടിക്കുകയാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക