World
HomeNews

ചൈനയിൽ കുട്ടികൾക്കിടയിൽ വ്യാപിക്കുന്ന ശ്വാസകോശരോ​​ഗത്തിനു പിന്നിൽ ഒന്നിലധികം രോഗാണുക്കളോ?

26 Nov 20232 മിനിറ്റ് വായന
ചൈനയിൽ കുട്ടികൾക്കിടയിൽ വ്യാപിക്കുന്ന ശ്വാസകോശരോ​​ഗത്തിനു പിന്നിൽ ഒന്നിലധികം രോഗാണുക്കളോ?


കോവിഡ് വരുത്തിവച്ച ആരോഗ്യ-സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളിൽ നിന്നു കരകയറിക്കൊണ്ടിരിക്കുകയാണ് ചൈന. അതിനിടേയാണ് പുതിയൊരു രോഗവ്യാപനത്തിന്റെ പേരിൽ രാജ്യം വീണ്ടും വാർത്തകളിൽ നിറയുന്നത്. ന്യുമോണിയയ്ക്ക് സമാനമായ ശ്വാസകോശരോഗമാണ് ചൈനയിലെ കുട്ടികൾക്കിടയിൽ ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്നത്. ദിനംപ്രതി നിരവധി കുട്ടികൾ രോഗംബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രോഗവിവരം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ സമർപ്പിക്കാൻ ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നിലധികം രോഗാണുക്കളാകാം രാജ്യത്തുടനീളമുള്ള ശ്വാസകോശരോഗബാധയ്ക്ക് കാരണമെന്നാണ് ചൈനയിലെ ഹെൽത്ത് കമ്മിഷൻ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വ്യാപനത്തിനു കാരണമായ രോഗാണു പുതിയതോ അസാധാരണമായതോ അല്ലെന്ന് ചൈനയിലെ ആരോഗ്യ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസുകളുടെ വർധനവിന് ഇൻഫ്ലുവൻസ ഒരു കാരണമായിരിക്കാമെന്ന് നാഷണൽ ഹെൽത്ത് കമ്മിഷൻ വക്താവായ മി ഫെംഗ് പറയുന്നു. ഞായറാഴ്ച നടത്തിയ പ്രസ് കോൺഫറൻസിലാണ് മി ഫെംഗ് ഇതേക്കുറിച്ചു പറഞ്ഞത്. ഇതോടൊപ്പം മൈകോപ്ലാസ്മാ ന്യുമോണിയ, റൈനോവൈറസ്, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് തുടങ്ങിയവയും വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് ന്യുമോണിയ. ഒരു ശ്വാസകോശത്തേയോ രണ്ടിനേയുമോ ബാധിക്കാം. ബാക്ടീരിയ, വൈറസ്, ഫംഗി എന്നിവയാണ് ന്യുമോണിയക്ക് കാരണമാകാറുള്ളത്. കഫം ഉള്ളതോ ഇല്ലാത്തതോ ആയ ചുമ, പനി, വിറയൽ, ശ്വാസതടസ്സം തുടങ്ങിയവയാണ് പൊതുവേ ന്യുമോണിയയുടെ ലക്ഷണങ്ങൾ. പ്രായം, ആരോഗ്യനില, അണുബാധയുടെ സ്വഭാവം തുടങ്ങിയവ രോഗം തീവ്രമാക്കാം. എന്നാൽ ചൈനയിൽ വ്യാപിക്കുന്ന ന്യുമോണിയയിലെ ലക്ഷണങ്ങൾ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കടുത്ത പനിയും ശ്വാസകോശ വീക്കവുമാണ് പ്രധാനലക്ഷണം. ചുമ പ്രകടവുമല്ല.

ബെയ്ജിങ്ങിലെ ഒരാശുപത്രിയിൽ മാത്രം ദിവസവും ഏഴായിരത്തിൽപ്പരം രോഗികളാണ് സമാനലക്ഷണവുമായി എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച മാത്രം ടിയാൻജിനിലെ കുട്ടികളുടെ ആശുപത്രിയിൽ 13,000 കുട്ടികൾ ചികിത്സയ്ക്കെത്തി.

അസാധാരണമായതൊന്നും നിലവിൽ ചൈനയിലില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധർ പറയുന്നത്. ആളുകൾ കൃത്യമായി വാക്സിൻ സ്വീകരിക്കണമെന്നും രോഗികൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും മതിയായ ചികിത്സ തേടുകയും ചെയ്യണമെന്നും ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്നുണ്ട്.

അതേസമയം കുട്ടികൾക്കിടയിൽ മാത്രമുള്ള രോഗവ്യാപനത്തെ പോസിറ്റീവായി കാണണമെന്നും വിദഗ്ധർ കരുതുന്നുണ്ട്. രോഗകാരിയായ രോഗാണുവിനോട് മുതിർന്നവർ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടെന്നാണ് സാഹചര്യം വ്യക്തമാക്കുന്നത്. അതേസമയം കുട്ടികളേക്കൂടാതെ ഗർഭിണികളും മുതിർന്നവരും കൂടുതൽ കരുതൽ പാലിക്കണമെന്നും വിദഗ്ധർ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു പിന്നാലെയാണ് ശ്വാസകോശരോഗങ്ങളുടെ കാര്യത്തിൽ വർധനവുണ്ടായിരിക്കുന്നതെന്നാണ് ചൈനയിലെ അധികൃതർ നൽകുന്ന വിശദീകരണം. കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയൽ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതൽ അതുകണ്ടുവരുന്നുണ്ടെന്നും ചൈന വ്യക്തമാക്കുന്നു. രോഗം കൂടുതൽ പടരുന്നത് തടയാൻ അവശ്യനടപടികൾ കൈക്കൊള്ളണമെന്ന് ലോകാരോഗ്യസംഘടനയും നിർദേശിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം ശ്വാസകോശസംബന്ധമായ രോഗങ്ങൾ കുത്തനെ ഉയരുന്നുണ്ടെന്നതു സംബന്ധിച്ച് ഈ മാസമാദ്യം ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതർ പ്രസ് കോൺഫറൻസ് വിളിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും പുതിയ ശ്വാസകോശ രോഗവ്യാപനവും തമ്മിലുള്ള ബന്ധത്തേയും ചൈനയിലെ ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രശസ്ത മാധ്യമവും രോഗങ്ങൾ സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ടുകൾ പുറത്തുവിടുന്നതുമായ പ്രൊമെഡ് എന്ന മാധ്യമത്തിലൂടെ ചൊവ്വാഴ്ച്ച ചൈനയിലെ പുതിയ സാഹചര്യത്തേക്കുറിച്ച് മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. 2019-ൽ കോവിഡിന്റെ വരവിനേക്കുറിച്ചും പ്രൊമെഡ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക