World
HomeNews

ചിലന്തിവല പോലെ ഹമാസിന്റെ തുരങ്കശൃംഖല, കഴിക്കാന്‍ ബ്രെഡും ചീസും; വിവരിച്ച് മോചിതയായ സ്ത്രീകൾ

24 Oct 20231 മിനിറ്റ് വായന
ചിലന്തിവല പോലെ ഹമാസിന്റെ തുരങ്കശൃംഖല, കഴിക്കാന്‍ ബ്രെഡും ചീസും; വിവരിച്ച് മോചിതയായ സ്ത്രീകൾ


ടെൽ അവീവ്(www.payangadilive.in) :
തടങ്കലിൽ ഹമാസ് സൗമ്യമായി പെരുമാറിയെന്നും എന്നാൽ നരകത്തിലൂടെയാണ് താൻ കടന്നുപോയതെന്നും മോചിപ്പിക്കപ്പെട്ട ഇസ്രയേലി വനിത. വളരെ തയ്യാറെടുത്ത്, ദീർഘകാല ആസൂത്രണമാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ നടപടികളെന്നാണ് വ്യക്തമാകുന്നതെന്നും യോചെവെഡ് ലിഫ്ഷിറ്റ്സ് എന്ന പ്രായമായ ഇസ്രയേലി സ്ത്രീ പറഞ്ഞു. ലിഫ്ഷിറ്റ്സിനേയും നുറിത് കൂപ്പറെന്ന മറ്റൊരു ഇസ്രയേലി വൃദ്ധയേയുമാണ് ഹമാസ് തിങ്കളാഴ്ച രാത്രിയിൽ മോചിപ്പിച്ചത്. നേരത്തെ രണ്ട് അമേരിക്കൻ ബന്ദികളേയും മോചിപ്പിച്ചിരുന്നു.

ടെൽ അവീവിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം യോചെവെഡ് ലിഫ്ഷിറ്റ്സ് തന്റെ തടവുജീവിതം മാധ്യമങ്ങളോട് വിവരിച്ചു. ഹീബ്രു ഭാഷയിൽ അവർ സംസാരിച്ചത് മകൾ ഷാരോൺ ലിഫ്ഷിറ്റ്സാണ് മാധ്യമങ്ങൾക്കു വിവർത്തനം ചെയ്ത് നൽകിയത്. മോട്ടോർ ബൈക്കിന്റെ പുറകിലിരുത്തിയാണ് ഹമാസ് തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയതെന്നു ഷാരോൺ പറഞ്ഞു. ചിലന്തിവല പോലെ ഹമാസ് നടത്തുന്ന ഭൂഗർഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖലക്ക് തന്റെ അമ്മ സാക്ഷ്യം വഹിച്ചതായും ഷാരോൺ കൂട്ടിച്ചേർത്തു.

തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ്, ഉപദ്രവിക്കില്ലെന്നും ഗാസയിലെത്തിച്ച ശേഷം പിടികൂടിയവർ പറഞ്ഞു. ഇസ്രയേലിൽനിന്ന് ഗാസയിലേക്കുള്ള യാത്ര ദുരിതപൂർവ്വമായിരുന്നു. മോട്ടോർ ബൈക്കിൽ തലയും കാലുകളും രണ്ട് ഭാഗത്ത് തൂക്കിയിട്ടാണ് കൊണ്ടുപോയത്. അത് ശരീരത്തിൽ ചതവുകളുണ്ടാക്കി. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ശതകോടികൾ ചെലവിട്ട് ഇസ്രയേൽ പണിത അതിർത്തിവേലിയിൽ ഹമാസിന് കടന്നുപോകാൻ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഒക്ടോബർ ഏഴിലെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്പായി ഹമാസ് നൽകിയ ഭീഷണികളെ ഇസ്രയേൽ പ്രതിരോധ സേന ഗൗരവമായി എടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി. 'തടങ്കലിൽ അവർ ഞങ്ങൾക്ക് ബ്രെഡ്, ഹാർഡ് ചീസ്, കുറച്ച് കൊഴുപ്പ് കുറഞ്ഞ ക്രീം ചീസ്, കുക്കുംബർ എന്നിവ തന്നു, അതായിരുന്നു ദിവസം മുഴുവൻ ഞങ്ങളുടെ ഭക്ഷണം.' ലിഫ്ഷിറ്റ്സ് പറഞ്ഞു.

സൗമ്യമായിട്ടാണ് പെരുമാറിയത്. പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നതിനൊന്നും തടസ്സം നിന്നിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കൊപ്പം 24 പേരെയാണ് തുരങ്കത്തിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഓരോ അഞ്ച് പേരേയും തരംതിരിച്ച് ഓരോ മുറിയിലേക്ക് മാറ്റുകയും ഓരോരുത്തരെ കാവൽ നിർത്തുകയും ചെയ്തു. കിടക്കാൻ തറയിൽ മെത്തയിട്ടിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഡോക്ടറെത്തി തങ്ങളെ പരിശോധിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക