World
ഭക്ഷണവും ഇന്ധനവും ഇല്ല, നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; ഗാസയിലെ പ്രതിസന്ധി രൂക്ഷമാകുന്നു
25 Oct 20231 മിനിറ്റ് വായന
കഴിഞ്ഞ ദിവസം ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. അതേസമയം ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.
അതേസമയം , ഇസ്രയേലിനെതിരെ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ് രൂക്ഷ വിമർശനമുയർത്തി. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും ഗുട്ടറസ് വ്യക്തമാക്കി.
നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയൻ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഗുട്ടെറസ് പറഞ്ഞു.





