World
HomeNews

ഹമാസ് ആക്രമണം: മരണം 100 ആയി; തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍, ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം

7 Oct 20231 മിനിറ്റ് വായന
ഹമാസ് ആക്രമണം: മരണം 100 ആയി; തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍, ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം


ടെൽ അവീവ്:(www.payangadilive.in)
ഇസ്രയേലിനു നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ 100 ഓളം പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 900-ഓളം പേർക്ക് പരിക്കേറ്റതായും ഇതിൽ ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നുമാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.

ഹമാസിനു നേരെ തിരിച്ചടിച്ച ഇസ്രയേൽ ഹമാസിന്റെ ഒളിത്താവളങ്ങളിൽ വ്യോമാക്രമണം നടത്തി. പിന്നാലെ ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും അമേരിക്കയും യു.കെ.യും യൂറോപ്യൻ യൂണിയനുമുൾപ്പടെ രംഗത്തെത്തുകയും ചെയ്തു. ഇസ്രയേലി പൗരന്മാർക്കെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ അപലപിക്കുന്നതായും ഇസ്രയേലിലെ സർക്കാരിനും ജനങ്ങൾക്കുമൊപ്പം നിലകൊള്ളുമെന്നും യു.എസ്. വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും യു.എസ്. പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രയേലിലെ അക്രമവാർത്തകൾ അതിയായ ഞെട്ടലുളവാക്കിയെന്നും പ്രതിസന്ധി നിറഞ്ഞ ഈ വേളയിൽ ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അക്രമണത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

റോക്കറ്റുകൾ തിരിച്ചറിയാനുള്ള സെൻസർ സംവിധാനങ്ങൾ, അതിർത്തിയിലേർപ്പെടുത്തിയ പഴുതടച്ച സുരക്ഷാസംവിധാനങ്ങൾ, നൂതന ആയുധശേഖരമുള്ള സൈനികർ തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധസംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. ഈ പ്രതിരോധസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചുള്ള ഹമാസിന്റെ കടന്നുകയറ്റമാണ് ഇസ്രയേലിനെ പിടിച്ചുലച്ചത്. ഗാസ വിതച്ച നാശനഷ്ടം കനത്തതായതു കൊണ്ടു തന്നെ ഇസ്രയേലിന്റെ പ്രത്യാഘാതവും ഭീകരമായേക്കാമെന്നാണ് ലോകരാഷ്ട്രങ്ങൾ നിരീക്ഷിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക