India
HomeNews

'പബ്ജി' വഴി പ്രണയം, 22-കാരനെ വിവാഹം കഴിക്കണം; നാലുകുട്ടികളുമായി പാകിസ്താനി യുവതി ഇന്ത്യയില്‍

4 Jul 20231 മിനിറ്റ് വായന
'പബ്ജി' വഴി പ്രണയം, 22-കാരനെ വിവാഹം കഴിക്കണം; നാലുകുട്ടികളുമായി പാകിസ്താനി യുവതി ഇന്ത്യയില്‍


നോയിഡ
: പബ്ജി പ്രണയത്തിനൊടുവില്‍ കാമുകനെ വിവാഹം കഴിക്കാനായി പാകിസ്താന്‍ യുവതി ഇന്ത്യയിലെത്തിയത് മേയ് മാസം പകുതിയോടെയെന്ന് പോലീസ്. മേയ് 15-നും 20-നും ഇടയിലാണ് പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദര്‍ എന്ന 27-കാരി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എ.സി.പി. സുരേഷ് റാവു കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും യുവതിയെ പിടികൂടിയ വിവരം പാകിസ്താന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി. 
അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ സ്വദേശി സീമ ഹൈദറിനെയും ഇവരുടെ നാലുകുട്ടികളെയും കഴിഞ്ഞദിവസമാണ് യു.പി. പോലീസ് കസ്റ്റഡിയിലെടുത്തത്. കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിനൊപ്പം(22) താമസിക്കാനായാണ് സീമ ഹൈദര്‍ നാലുകുട്ടികളുമായി നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് സച്ചിനെ വിവാഹം കഴിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുവതി ഒരു അഭിഭാഷകനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ അഭിഭാഷകനാണ് പാകിസ്താനി യുവതി അനധികൃതമായി താമസിക്കുന്നവിവരം പോലീസില്‍ അറിയിച്ചത്. ഇതോടെ പോലീസ് സംഘം സച്ചിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. 

പബ്ജിയിലൂടെ മൊട്ടിട്ട പ്രണയം

നോയിഡയിലെ പലചരക്കുകടയില്‍ ജീവനക്കാരനായ സച്ചിനും പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദറും പബ്ജി ഗെയിമിലൂടെയാണ് പരിചയപ്പെട്ടത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പതിവായി പബ്ജി ഗെയിം കളിച്ചിരുന്ന ഇരുവരും ഓണ്‍ലൈന്‍ വഴി അടുപ്പത്തിലാവുകയായിരുന്നു. പ്രണയം വളര്‍ന്നതോടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് കാമുകനൊപ്പം ജീവിക്കാനായി നാലുകുട്ടികളെയും കൂട്ടി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. 
വിവാഹിതയും നാലുകുട്ടികളുടെ അമ്മയുമായ സീമ ഹൈദറിന്റെ ഭര്‍ത്താവ് സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞനാലുവര്‍ഷമായി താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. മാത്രമല്ല, ഭര്‍ത്താവ് തന്നെ പതിവായി ഉപദ്രവിച്ചിരുന്നതായും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പാകിസ്താനിലെ ഖൈര്‍പുരില്‍ താമസിച്ചിരുന്ന സീമ ഹൈദര്‍ ഇവിടെയുള്ള വീടും സ്ഥലവും വിറ്റശേഷമാണ് കാമുകനെ തേടി യാത്രതിരിച്ചത്. 12 ലക്ഷം രൂപയ്ക്കാണ് യുവതി വീടും സ്ഥലവും വിറ്റത്. ഈ പണം ഉപയോഗിച്ചായിരുന്നു നാലുകുട്ടികള്‍ക്കൊപ്പമുള്ള വിമാനയാത്ര. സഹോദരന്‍ പാകിസ്താന്‍ സൈന്യത്തിലാണ് ജോലിചെയ്യുന്നതെന്നും യുവതി നല്‍കിയ മൊഴിയിലുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക