World
HomeNews

വെള്ളത്തിനടിയില്‍ ഒഴുകുന്ന പള്ളി നിര്‍മിക്കാനൊരുങ്ങി ദുബായ്; ചെലവ്‌ 125 കോടിരൂപ

22 Sept 20231 മിനിറ്റ് വായന
വെള്ളത്തിനടിയില്‍ ഒഴുകുന്ന പള്ളി നിര്‍മിക്കാനൊരുങ്ങി ദുബായ്; ചെലവ്‌ 125 കോടിരൂപ


വെള്ളത്തിനടിയിൽ 5.5 കോടി ദിർഹം (ഏകദേശം 125 കോടിരൂപ) ചെലവിൽ ദുബായ് വാട്ടർ കനാലിൽ അണ്ടർവാട്ടർ ഫ്ലോട്ടിങ് മോസ്ക് നിർമിക്കാനൊരുങ്ങി ദുബായ്. അടുത്തവർഷം പള്ളി സന്ദർശകർക്കായി തുറക്കുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (ഐ.സി.എ.ഡി.) അധികൃതർ അറിയിച്ചു.

ഐ.സി.എ.ഡി.യുടെ മതപരമായ വിനോദസഞ്ചാര പദ്ധതികൾ വിശദീകരിക്കുന്നതിനിടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. രൂപരേഖപ്രകാരം പള്ളിയുടെ മൊത്തം ഘടനയുടെ പകുതി വെള്ളത്തിനടിയിലായിരിക്കും. ബാക്കിഭാഗം വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കും. മൂന്ന് നിലകളുള്ളതിൽ ഏറ്റവും താഴത്തെ നിലയിലായിരിക്കും വിശ്വാസികൾക്ക് പ്രാർഥനാമുറി. ഇവിടെ ശൗചാലയങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.

വെള്ളത്തിനടിയിലെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് പ്രാർഥനയിൽ മുഴുകാം. വെള്ളത്തിന് മുകളിൽ സജ്ജീകരിക്കുന്ന രണ്ടു നിലകളിൽ ഇസ്ലാമിക പ്രഭാഷണങ്ങൾക്കും ശില്പശാലകൾക്കും പ്രത്യേക ഇടമൊരുക്കും. ആദ്യത്തെ നിലയിൽ പുരുഷന്മാർക്കായി വിശ്രമകേന്ദ്രവും കോഫി ഷോപ്പും ഉണ്ടായിരിക്കും. സ്ത്രീകളുടെ വിശ്രമകേന്ദ്രങ്ങൾ രണ്ടാമത്തെ നിലയിലാണ്. ഒരേസമയം 50 മുതൽ 75 വരെ വിശ്വാസികൾക്കുള്ള സൗകര്യങ്ങളാണ് ഇതിലുണ്ടാവുക.

ദുബായ് റീലിജിയസ് ടൂറിസത്തിലേക്ക് കൂടുതൽപ്പേരെ എത്തിക്കുകയാണ് ലക്ഷ്യം. ഇസ്ലാമിക ആചാരങ്ങൾക്കനുസൃതമായി എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിക്കും. സ്ത്രീകൾ തലയും തോൾഭാഗവും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിബന്ധന. വിശ്വാസികൾക്ക് ഇതിലേക്ക് നടന്നുപോകാൻ കരയെ പാലവുമായി ബന്ധിപ്പിക്കുകയും ചെയ്യും. നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക