Information
വിജയപഥത്തില്‍ ഇന്ത്യ; കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍ 3
14 Jul 20232 മിനിറ്റ് വായന
രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് പേടകം പുറപ്പെട്ടത് ചാന്ദ്രരഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക് ഇന്ത്യക്ക് ഒരു പുതിയ കുതിപ്പേകിക്കൊണ്ടാണ്.
വ്യാഴം പകല്‍ 1.05നായിരുന്നു 26 മണിക്കൂര്‍ നീണ്ടു നിന്ന കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. തുടര്‍ന്ന് റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ തുടങ്ങി. ഇതിനൊപ്പം റോക്കറ്റിലെയും പേടകത്തിലെയും സോഫ്റ്റ്വെയര്‍, ഇലക്‌ട്രോണിക് സംവിധാനങ്ങള്‍, മര്‍ദവ്യതിയാനങ്ങള്‍ തുടങ്ങിയവയും തുടര്‍ച്ചയായി നിരീക്ഷിച്ചു.
കൗണ്ട്ഡൗണിന്റെ അവസാനത്തോടെ വിക്ഷേപണ ചുമതല സ്വയംനിയന്ത്രിത സംവിധാനം ഏറ്റെടുത്തു. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിലാണ് ചാന്ദ്രയാൻ പേടകം ഭൂമിക്കടുത്തുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ എത്തുക. ഘട്ടംഘട്ടമായി വരും ദിവസങ്ങളില്‍ ഭ്രമണപഥം ഉയര്‍ത്തും.
കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള കമാൻഡുകള്‍ വഴി ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചാകുമിത്. അഞ്ച് ഘട്ടമായി പഥം ഉയര്‍ത്താനാണ് തീരുമാനം. ആഗസ്ത് ആദ്യവാരം ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് പേടകം ചന്ദ്രനിലേക്ക് പായും. ദീര്‍ഘയാത്രയ്ക്കൊടുവില്‍ ആഗസ്ത് മൂന്നാംവാരം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് കടക്കും. പിന്നീട് വേഗം കുറച്ച് ചന്ദ്രന്റെ നൂറു കിലോമീറ്റര്‍ അരികിലേക്ക് എത്തിക്കും. തുടര്‍ന്ന് പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ വേര്‍പെടും. വീണ്ടും 50 കിലോമീറ്റര്‍ അരികിലേക്ക് നീങ്ങും. ആഗസ്ത് 23നോ 24നോ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും. നാല് ത്രസ്റ്റര്‍ എതിര്‍ ദിശയില്‍ ജ്വലിപ്പിച്ചാണ് വേഗം നിയന്ത്രിക്കുക. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനം വഴിയാണ് സോഫ്റ്റ് ലാൻഡിങ്. ആറ് പ്രധാന പരീക്ഷണ ഉപകരണമാണ് ലാൻഡറിലും റോവറിലുമുള്ളത്. ഇവ ഉപയോഗിച്ച് രണ്ടാഴ്ച പര്യവേക്ഷണം നടക്കും.
1752 കിലോയുള്ള ലാൻഡര്‍ പേടകത്തെ ചന്ദ്രന്റെ പ്രതലത്തില്‍ ഇറക്കുകയും അതിനകത്തുള്ള ചക്രവണ്ടി (റോവര്‍) ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങി സമീപപ്രദേശങ്ങളില്‍ രാസപര്യവേക്ഷണം നടത്തുകയുമാണ് ദൗത്യലക്ഷ്യം. ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ വീണുപോയ ചാന്ദ്രയാൻ - -2ലെ വിക്രം എന്ന ലാൻഡറിന്റെ പരിഷ്കരിച്ച പതിപ്പാണ് മൂന്നാം ദൗത്യത്തിലെ ലാൻഡര്‍. ആഗസ്ത് 23നോ 24നോ ചന്ദ്രനില്‍ ഇറങ്ങാൻ ലക്ഷ്യമിട്ടിരിക്കുന്ന ലാൻഡറിന്റെ വിജയത്തോടെ ഒരു യന്ത്രപേടകത്തെ ചന്ദ്രനില്‍ പതുക്കെ ഇറക്കുന്ന (സോഫ്റ്റ് ലാൻഡിങ്) നാലാമത്തെ രാജ്യമെന്ന ബഹുമതിയും ഇന്ത്യയുടേതാകും.





