Information
മന്ത്രാലയത്തിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതക്ക് നിര്‍ദേശം
14 Jul 20231 മിനിറ്റ് വായന
പണം തട്ടാൻ ലക്ഷ്യംവെച്ച് നിരവധി പേരെ ബന്ധപ്പെട്ടത് ശ്രദ്ധയില്‍പെട്ടതോടെ മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തി. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ലോഗോ പതിച്ച, 'ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിയമപരമായ നോട്ടീസ്' എന്ന നോട്ടീസാണ് ഇവര്‍ വിതരണം ചെയ്യുന്നത്. ഉപഭോക്താക്കളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെരിഫൈ ചെയ്യാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം അക്കൗണ്ട് ഫ്രീസായിപ്പോകുമെന്നാണ് പറയുന്നത്. ഇത്തരം മെസേജുകള്‍ ഏതെങ്കിലും ഓണ്‍ലൈൻ ചാനലുകള്‍ വഴി ലഭിച്ചാല്‍ അവഗണിക്കണമെന്നും ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുമ്ബും സമാനമായ രീതിയില്‍ വ്യാജ നോട്ടീസുകള്‍ അയച്ച് തട്ടിപ്പ് നടന്നിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ഇതുപയോഗിച്ച് പണംതട്ടുകയുമാണ് ഇവരുടെ രീതി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന്‍റെയും മറ്റും പേരില്‍ തട്ടിയെടുക്കാനുള്ള ശ്രമവും നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈൻ വഴിയും ഫോണ്‍ വഴിയും ബാങ്ക് വിവരങ്ങള്‍ കൈമാറരുതെന്ന് പല തവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരു സാഹചര്യത്തിലും ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈമാറരുതെന്നും സംശയകരമായ ഫോണ്‍ കാളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പൊലീസ് നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എ.ടി.എം. പിന്നുകള്‍, സെക്യൂരിറ്റി നമ്ബര്‍ (സി.സി.വി) മുതലായ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്. ഇത്തരം വിവരങ്ങള്‍ ആരെങ്കിലുമായി പങ്കുവെച്ചുപോവുകയും പണം അവര്‍ പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്തുവെന്ന് കണ്ടെത്തിയാലുടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.





