Information
കണ്ണടച്ച് വിശ്വസിക്കരുത്; ഗൂഗിള്‍ മാപ്പിനും വഴിതെറ്റാമെന്ന് പോലീസിന്റെ മുന്നറിയിപ്പ്
2 Oct 20231 മിനിറ്റ് വായന
സാമൂഹികമാധ്യമത്തിൽ പോലീസ് പങ്കുവെച്ച നിർദേശങ്ങൾ
• പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല.
• ഗതാഗതംകുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പിൽ എളുപ്പമെത്തുന്ന വഴിയായി ചിലപ്പോൾ കാണിക്കാറുണ്ട്. എന്നാൽ, തിരക്കുകുറവുള്ള റോഡുകൾ സുരക്ഷിതമാകണമെന്നില്ല, പ്രത്യേകിച്ച് മഴക്കാലത്ത്.
• തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിവീണും യാത്ര സാധ്യമല്ലാത്ത റോഡുകളും ഗൂഗിൾ മാപ്പ് കാണിച്ചേക്കാം. വീതികുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങൾനിറഞ്ഞ റോഡുകളിലൂടെയും നയിച്ചേക്കാം. ഇത്തരം റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
• രാത്രി ജി.പി.എസ്. സിഗ്നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴിതെറ്റാനിടയുണ്ട്. ഇത്തരം റൂട്ടുകളിൽ നേരത്തേത്തന്നെ റൂട്ട് സേവ് ചെയ്യാം.
• മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. ബൈക്ക് പോകുന്ന വഴി നാലുചക്രവാഹനം പോകില്ല. ഇക്കാരണംകൊണ്ടുതന്നെ വഴിതെറ്റാം.
• ഒരുസ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് അറിയാവുന്ന ഒരുസ്ഥലം 'ആഡ് സ്റ്റോപ്പ്' ആയി നൽകിയാൽ വഴിതെറ്റുന്നത് ഒഴിവാക്കാം. വഴിതെറ്റിയാൽ ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരുവഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചുതരിക. ഈവഴി നാലുചക്രവാഹനം അല്ലെങ്കിൽ വലിയവാഹനങ്ങൾ പോകണമെന്നില്ല.
• ഗതാഗതതടസ്സം ശ്രദ്ധയിൽപ്പെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ 'കോൺട്രിബ്യൂട്ട്' എന്ന ഓപ്ഷൻവഴി റിപ്പോർട്ടുചെയ്യാം. ഇവിടെ ഗൂഗിൾ മാപ്പ് ഇക്കാര്യം പരിഗണിക്കും. പിന്നീട് ആ വഴി വരുന്ന യാത്രക്കാർക്ക് തുണയാകും.
• അത്യാവശ്യം വന്നാൽ 112 എന്ന പോലീസ് കൺട്രോൾ റൂമിൽ വിളിക്കണം.





