Technology
മാറിമറിയുമോ മനുഷ്യന്റെ ഭാവി, ലോകം കാത്തിരുന്ന പരീക്ഷണം, മനുഷ്യമസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചു-ആദ്യഘട്ടം വിജയം
31 Jan 20241 മിനിറ്റ് വായന
നിലവിൽ പന്നികളിലും കുരങ്ങുകളിലുമാണ് ടെസ്റ്റ് നടത്തിയത്. മനുഷ്യന്റെ തലച്ചോറും മൈക്രോചിപ്പും തമ്മിൽ ബന്ധിപ്പിച്ച് രോഗാവസ്ഥകളെ മറികടക്കാൻ സഹായിക്കുമോ എന്നറിയാനാണ് ശ്രമം. ഒരാളുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടർ കേഴ്‌സർ (cursor) അല്ലെങ്കിൽ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനും ഈ പരീക്ഷണത്തിലൂടെ ശ്രമം നടക്കുന്നുണ്ട്.
ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്റെതാണ്. തുടക്കത്തിൽ അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലെയുള്ള കടുത്ത പ്രശ്‌നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്. ചിന്തകളെപ്പോലും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വരെ ശേഷി ആർജ്ജിച്ചേക്കുമെന്നു കരുതുന്ന 'ന്യൂറൽ ലെയ്‌സ്' ടെക്‌നോളജി അടക്കമാണ് പുതിയ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫെയ്‌സിന്റെ സാധ്യതയായി കാണുന്നത്. മനുഷ്യരുടെ ചരിത്രത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിതെന്നും ഒരുവിഭാഗം ആശങ്കയുയർത്തുന്നു.





