Technology
HomeNews

ഐഫോണുകള്‍ നിര്‍മിക്കാന്‍ ആദ്യമായി ഇന്ത്യന്‍ കമ്പനി; വിസ്‌ട്രോണ്‍ നിര്‍മാണ ശാല ടാറ്റ ഏറ്റെടുത്തു

27 Oct 20231 മിനിറ്റ് വായന
ഐഫോണുകള്‍ നിര്‍മിക്കാന്‍ ആദ്യമായി ഇന്ത്യന്‍ കമ്പനി; വിസ്‌ട്രോണ്‍ നിര്‍മാണ ശാല ടാറ്റ ഏറ്റെടുത്തു


ന്യൂഡല്‍ഹി(www.payangadilive.in) :
ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും. ആഭ്യന്തര, ആഗോള വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുക. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിളിന്റെ കരാര്‍നിര്‍മാണ കമ്പനിയായിരുന്ന വിസ്‌ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ടാറ്റ ഗ്രൂപ്പിന് ഐഫോണ്‍ നിര്‍മാണ രംഗത്തേക് കടന്നുവരാന്‍ അവസരമൊരുങ്ങിയത്.

വെള്ളിയാഴ്ച ചേര്‍ന്ന വിസ്‌ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നല്‍കാന്‍ അന്തിമ തീരുമാനമായത്. രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

വിസ്‌ട്രോണ്‍ നിര്‍മാണ ശാലയില്‍ ഏകദേശം 10000 ഓളം ജീവനക്കാരുണ്ടെന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 14 ഇവിടെ വെച്ച് നിര്‍മിക്കുന്നുണ്ട്. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ വിസ്‌ട്രോണിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തും. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകളുടെ നിര്‍മാണ രംഗത്തേക്കിറങ്ങുന്നത്.


ഇന്ത്യയെ വിശ്വസ്തരായ നിര്‍മാണ പങ്കാളിയായി കാണുന്ന ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തായ് വാന്‍ കമ്പനികളായ വിസ്ട്രോണും ഫോക്സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാതാക്കള്‍. ഫോക്‌സ്‌കോണിനും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്.

ആപ്പിള്‍ ഉള്‍പ്പടെ വിവിധ സ്മാര്‍ട്‌ഫോണ്‍ ഇലക്ട്രോണിക്‌സ് ഉപകരണ ബ്രാന്‍ഡുകള്‍ ഇതിനകം ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് കീഴില്‍ പ്രാദേശിക തലത്തിലുള്ള ഉത്പാദനം പ്രോത്സാബഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പിന്‍ബലത്തിലാണ് ചൈനയെ പോലുള്ള രാജ്യങ്ങളില്‍ മാത്രം ഉല്പാദനം നടത്തിയിരുന്ന വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിഞ്ഞത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക