Kerala
HomeNews

നൂറിലേറെ മോഷണങ്ങള്‍ നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റില്‍

6 Jan 20191 മിനിറ്റ് വായന
നൂറിലേറെ മോഷണങ്ങള്‍ നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റില്‍
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു(44) പോലീസ് പിടിയിലായി.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മോഷണം നടത്തി വരികയായിരുന്നു ഇയാള്‍.  കോഴിക്കോട് റൂറല്‍ എസ് പി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പി പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരം  കൊടുവള്ളി സിഐ പി.ചന്ദ്രമോഹനും എസ്ഐ പ്രജീഷും വാഹന പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ അഞ്ചുമണിയോടെ ഓമശ്ശേരി ടൗണില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. 


തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഇയാള്‍ നടത്തിയ മോഷണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.  ഡിസംബര്‍മാസം-8ന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. 

ഇയാളില്‍ നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നും മോഷണത്തിനായി ഉപയോഗിക്കുന്ന പല സാധന സാമഗ്രഹികളും പോലീസ് കണ്ടെടുത്തു.  മോഷണം നടത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് വീടുകളില്‍ സൈ്വര്യ വിഹാരം നടത്തിയിരുന്ന പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തിയിലാകുകയും ദിവസങ്ങളോളം ഭീതിയില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും പത്തര പവനോളം മോഷണം പോയ സ്വര്‍ണ്ണവും കണ്ടു കിട്ടി. ഇതിനു മുമ്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറം മോഷണ കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക