Kannur
കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച 70 വയസുകാരൻ മരിച്ചു
11 Jun 20201 മിനിറ്റ് വായന

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി കെ മുഹമ്മദാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇരിട്ടിയിലെ വീട്ടിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഇദ്ദേഹവും മറ്റ് നാല് പേരും മെയ് 22-ന് മസ്കറ്റിൽ നിന്നാണ് നാട്ടിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്‍റെ മകന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇരിട്ടി പയഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കുടുംബം ശനിയാഴ്ച കൂത്തുപറമ്പിലെ വീട്ടിലേക്ക് മാറിയിരുന്നു. ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് സ്രവ പരിശോധന നടത്തിയത്. പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച ഇയാൾക്കും ഇയാളുടെ ഭാര്യക്കും മകൻ്റെ ഭാര്യക്കും കോവിസ് സ്ഥിരീകരിച്ചിരുന്നു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദിന് ഹൃദയസംബന്ധിയായ അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിലേക്കാണ് മുഹമ്മദിനെ മാറ്റാനിരുന്നത്. എന്നാൽ ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
മുഹമ്മദിന്‍റെ മരണത്തോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.





