Payangadi
HomeNews

കണ്ണൂരിന്റെ നെല്ലറ കൂടുതല്‍ സമൃദ്ധമാക്കും; സമ്ബൂര്‍ണ തരിശുരഹിത പഞ്ചായത്താവാൻ പട്ടുവം

11 Sept 20231 മിനിറ്റ് വായന
കണ്ണൂരിന്റെ നെല്ലറ കൂടുതല്‍ സമൃദ്ധമാക്കും; സമ്ബൂര്‍ണ തരിശുരഹിത പഞ്ചായത്താവാൻ പട്ടുവം


നെല്‍ക്കൃഷി കൂടുതല്‍ ഊര്‍ജ്ജിതമാക്കി പട്ടുവം സമ്ബൂര്‍ണ തരിശുരഹിത പഞ്ചായത്താവാനൊരുങ്ങുന്നു. പഞ്ചായത്ത്, കൃഷി വകുപ്പ്, പട്ടുവം സര്‍വീസ് സഹകരണ ബാങ്ക്, ജെ.എല്‍.ജി ഗ്രൂപ്പുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഗ്രന്ഥശാല, കുടുംബശ്രീ, വിവിധ സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 200 ഹെക്ടറിലധികം സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്.

97 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പട്ടുവം സര്‍വീസ് സഹകരണ ബാങ്ക് 100 ഹെക്ടറോളം കൃഷി ഏറ്റെടുത്ത് നടത്തും.

ജൈവ നെല്‍കൃഷിക്കും സമൃദ്ധിക്കും പേരുകേട്ട പട്ടുവത്തിന്റെ കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്താൻ സമഗ്രമായ നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. കൈപ്പാട് കൃഷിയിലൂടെ കണ്ണൂരിന്റെ നെല്ലറയെന്ന പേര് നേടിയ പഞ്ചായത്തിലെ ചിലയിടങ്ങളില്‍ തരിശ് ഭൂമിയുണ്ടായിരുന്നു.

എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ നടപ്പാക്കുന്ന 'കൈപ്പാട് കൃഷി പുനരുജ്ജീവനം' പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 30 ഹെക്ടര്‍ തരിശു കൈപ്പാട് കൃഷിയോഗ്യമാക്കാൻ സാധിച്ചു. പട്ടുവം കൈപ്പാടില്‍ ഏഴോം രണ്ട്, നാല്, കുതിര് ഓര്‍ക്കയമ, കുട്ടൂസൻ എന്നീ നാടൻ വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നത്. വളപ്രയോഗമില്ലാത്ത കൃഷിയായതുകൊണ്ട് പൂര്‍ണമായും ജൈവ അരിയാണ് കൈപ്പാടില്‍ നിന്ന് ലഭിക്കുക.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക