കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കി; കോട്ടയം കണ്‍വന്‍ഷന്‍ വേദിയില്‍ സമരവിജയം ആഘോഷിച്ച് എസ്.ഒ.എസ്

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ഐക്യദാര്‍ഢ്യ സമിതി കോട്ടയം തിരുനക്കരയില്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കിയതായി കന്യാസ്ത്രീകള്‍ സമര വേദിയില്‍ അറിയിച്ചു. കേസിന്റെ നടപടികള്‍ തീരുന്നത് വരെയാണ് സ്ഥലം മാറ്റം റദ്ദാക്കിയത്.
ബിഷപ്പ് ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പരാതിക്കാരിയും സാക്ഷികളും ഉള്‍പ്പെടെയുള്ളവരെയാണ് സഭ സ്ഥലം മാറ്റിയത്. സി. അനുപമ, സി. ജോസഫിന്‍, സി. നീന റോസ്, സി. ആല്‍ഫി എന്നിവരെയും പീഡനത്തിനിരയായ കന്യാസ്ത്രീയേയുമാണ് സ്ഥലം മാറ്റിയത്. സി. അനുപമയെ പഞ്ചാബിലേക്കും മറ്റുള്ളവരെ ഛത്തീസ്ഗഡിലേക്കുമാണ് മാറ്റിയത്.
പരാതിക്കാരിയേയും പ്രധാന സാക്ഷികളെയും സ്ഥലം മാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സഭ നടത്തുന്നതെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. ഇതിനെതിരായ പ്രതിഷേധ പരിപാടി നടക്കുമ്പോള്‍ തന്നെ സ്ഥലം മാറ്റിയത് സഭാ നടപടിക്കെതിരായ പ്രതിഷേധങ്ങള്‍ ഫലം കാണുന്നിന്റെ സൂചനയായാണ് എസ്.ഒ.എസും കന്യാസ്ത്രീമാരും കണക്കാക്കുന്നത്. കോട്ടയത്തെ പ്രതിഷേധ പരിപാടി തുടങ്ങിയപ്പോള്‍ തന്നെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കന്യാസ്ത്രീകള്‍.
പീഡനക്കേസില്‍ ആരോപണവിധേയനായ ഫ്രാങ്കോ ബീഷപ്പ് സ്ഥാനത്ത് തുടരുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നതിനാല്‍ ഫ്രാങ്കോയെ ഉടന്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് എസ്.ഒ.എസ് ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. എസ്.ഒ.എസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികള്‍ സംസഥാന വ്യാപകമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.





