Sports
HomeNews

വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, സ്വര്‍ണം കഴുത്തിലണിഞ്ഞ് പാറുള്‍ ചൗധരി

3 Oct 20231 മിനിറ്റ് വായന
വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, സ്വര്‍ണം കഴുത്തിലണിഞ്ഞ് പാറുള്‍ ചൗധരി


ഹാങ്ചൗ:(www.payangadilive.in)
2023 ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ പാറുൾ ചൗധരി. വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടി പാറുൾ ചരിത്രത്തിലിടം നേടി. ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം 5000 മീറ്ററിൽ സ്വർണം നേടുന്നത്. 10-ാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന ആദ്യ സ്വർണം കൂടിയാണിത്.

ഫൈനലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത പാറുൾ 15 മിനിറ്റും 14 സെക്കൻഡുമെടുത്താണ് (15:14.75 മിനിറ്റ്)ഒന്നാമതെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ വളരെ പുറകിലായിരുന്നു താരം. ആദ്യ ലാപ്പുകളിൽ ആറാം സ്ഥാനത്ത് തുടർന്ന പാറുൾ അവസാന ലാപ്പിൽ അത്ഭുതക്കുതിപ്പ് നടത്തുകയായിരുന്നു. അതിവേഗത്തിൽ രണ്ടാം സ്ഥാനത്തേക്കെത്തിയ താരം ഫോട്ടോഫിനിഷിൽ ജാപ്പനീസ് താരത്തെ മറികടന്ന് ഒന്നാമതെത്തി.

ഇതിനുമുൻപ് രണ്ട് തവണ വെള്ളി മെഡൽ നേടിയതാണ് ഈ ഇനത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനം. 1998 ഏഷ്യൻ ഗെയിംസിൽ സുനിത റാണിയും 2010-ൽ മലയാളിതാരം പ്രീജ ശ്രീധരനും വനിതകളുടെ 5000 മീറ്ററിൽ വെള്ളി നേടിയിട്ടുണ്ട്.

പാറുളിന്റെ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡലാണിത്. നേരത്തേ 3000 മീറ്റർ വനിതകളുടെ സ്റ്റീപിൾചേസിൽ പാറുൾ വെള്ളി നേടിയിരുന്നു. 5000 മീറ്ററിൽ ഇന്ത്യയുടെ ദേശീയ റെക്കോഡ് ജേതാവ് കൂടിയാണ് പാറുൾ. 13:19.30 മിനിറ്റാണ് താരത്തിന്റെ മികച്ച സമയം.

പാറുളിലൂടെ ഇന്ത്യ 14-ാം സ്വർണ മെഡൽ സ്വന്തമാക്കി. നിലവിൽ 14 സ്വർണവും 24 വെള്ളിയും 26 വെങ്കലവുമടക്കം 64 മെഡലുകൾ നേടിയ ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്താണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക