25 റൺസ് നേടിയാൽ ട്വന്റി 20-യിൽ നാട്ടിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കോലിക്ക്..

തിരുവനന്തപുരം: ദീർഘനാളത്തെ ഏകദിന - ടെസ്റ്റ് മത്സര സീസണുകൾക്ക് ശേഷം ട്വന്റി 20 ക്രിക്കറ്റിലേക്കുള്ള വരവ് വെടിക്കെട്ട് ബാറ്റിങ്ങോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ആഘോഷമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഞായറാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിൻഡീസിനെതിരായ രണ്ടാം മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ കോലിയെ കാത്ത് ഒരു ബാറ്റിങ് റെക്കോഡ് കാത്തിരിപ്പുണ്ട്.
ഇന്ന് കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിൽ 25 റൺസ് നേടിയാൽ ട്വന്റി 20-യിൽ നാട്ടിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കോലിക്ക് സ്വന്തമാകും. ഹൈദരാബാദിൽ വിൻഡീസ് ബൗളർമാരെ വെള്ളം കുടിപ്പിച്ച ഇന്നിങ്സിനു ശേഷം നാട്ടിലെ ട്വന്റി 20 മത്സരങ്ങളിൽ നിന്നുള്ള കോലിയുടെ റൺനേട്ടം 975 ആയി. മാത്രമല്ല ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യാന്തര ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാക്കാം. ന്യൂസീലൻഡ് താരങ്ങളായ മാർട്ടിൻ ഗുപ്റ്റിൽ (1430), കോളിൻ മൺറോ (1000) എന്നിവരാണ് സ്വന്തം നാട്ടിൽ ട്വന്റി 20-യിൽ 1000 റൺസ് തികച്ച താരങ്ങൾ.





