India
HomeNews

ധനമന്ത്രിയുടെ പ്രകടനം ശരാശരിക്കു താഴെയാണ്; പൃഥ്വിരാജ് ചവാന്‍..

23 Jan 20201 മിനിറ്റ് വായന
ധനമന്ത്രിയുടെ പ്രകടനം ശരാശരിക്കു താഴെയാണ്; പൃഥ്വിരാജ് ചവാന്‍..

ന്യൂഡൽഹി: പൊതു ബജറ്റിനു മുന്നോടിയായി സാമ്പത്തിക ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണെന്നും ധനമന്ത്രി നിർമല സീതാരാമനെ പങ്കെടുപ്പിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍. ധനമന്ത്രിയുടെ പ്രകടനം ശരാശരിക്കു താഴെയാണെന്നു പ്രധാനമന്ത്രിക്കു തന്നെ ബോധ്യമായ അവസ്ഥയിൽ അവരോട് രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതാണു മര്യാദയെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. പൊതു ബജറ്റിനു മുന്നോടിയായുള്ള ചർച്ചകൾ ധനമന്ത്രാലയത്തിന്റെയും ധനമന്ത്രിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുക. ബജറ്റിനു മുന്നോടിയായി 13 ഓളം ചർച്ചകളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുത്ത ചർച്ചകളിൽ ഒന്നിൽ പോലും ധനമന്ത്രി ക്ഷണിതാവായിരുന്നില്ല– ചവാൻ പറഞ്ഞു.

ധനമന്ത്രിയെ ഇത്തരം ചർച്ചകളിൽനിന്ന് മാറ്റിനിർത്തുന്നത് തെറ്റായ സന്ദേശം നൽകുന്നതൊടോപ്പം തന്നെ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ തകർക്കും. പ്രധാനമന്ത്രി ധനകാര്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു എന്നു വേണം മനസിലാക്കാൻ. പൊതു ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമന് അവസരം നൽകുകയാണെങ്കിൽ തന്നെ ബജറ്റ് പ്രസംഗം പൂർണമായും പ്രധാനമന്ത്രിയുടെതാകും– ചവാൻ പറഞ്ഞു.

ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ആളോഹരി വരുമാനം മെച്ചപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ 5 ട്രില്യൺ സാമ്പത്തിക വളർച്ച എന്ന ലക്ഷ്യം കയ്യെത്തി പിടിക്കാവുന്നതല്ലെന്നും ചവാൻ പറഞ്ഞു. നേരത്തേ നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധ‌രുമായി പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അധ്യക്ഷൻ ബിബെക് ദെബ്രോയ്, നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവരും പങ്കെടുത്ത യോഗത്തിൽ നിർമല സീതാരാമന്റെ അസാന്നിധ്യം ചർച്ചയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക