സംസ്ഥാന സ്‌കൂള്‍ കായികമേള; സൂര്യജിത്തും ആന്‍സിയും വേഗമേറിയ താരങ്ങള്‍..

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സൂര്യജിത്തും ആന്‍സിയും വേഗമേറിയ താരങ്ങളായി. പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറിയിലെ സൂര്യജിത്ത് സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് സ്വര്‍ണം നേടിയത്. തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആന്‍സി സോജന്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.05 സെക്കന്‍ഡ് എന്ന റെക്കോഡ് സമയത്താണ് ഫിനിഷ് ചെയ്തത്.
മീറ്റില്‍ ആന്‍സിയുടെ രണ്ടാം സ്വര്‍ണ്ണമാണിത്. നേരത്തെ ലോംഗ് ജംമ്പില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെയാണ് ആന്‍സി സ്വര്‍ണ്ണം സ്വന്തമാക്കിയത്. സീനീയര്‍ പെണ്‍കുട്ടികളുടെ മീറ്റില്‍ ആന്‍ റോസ് ടോമിയ്ക്ക് വെള്ളിയും. പി.ടി അഞ്ജലിയ്ക്ക് വെങ്കലവും ലഭിച്ചു.
സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്‍റെ താര ജി 12.96 സെക്കന്‍റില്‍ സ്വര്‍ണം നേടി. കോഴിക്കോട് പുല്ലൂരാംപാറയുടെ നിവേദ്യ ജെ എസ് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം സായ്‌യുടെ സ്‌നേഹ ജേക്കബ് മൂന്നാമതും ഫിനിഷ് ചെയ്തു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോട്ടയത്തിന്റെ സാന്ദ്രമോള്‍ സാബു സ്വര്‍ണം നേടി. പൂഞ്ഞാര്‍ എസ്എംവി എച്ച്എസ്എസിന്‍റെ താരമാണ്. എറണാകുളത്തിന്‍റെ ഫിസ റഫീഖിന് വെള്ളിയും കോട്ടയത്തിന്‍റെ അലീന വര്‍ഗീസിന് വെങ്കലവും ലഭിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മണിപ്പൂര്‍ കരുത്തിനെ മലയാളിക്കരുത്ത് മറികടന്നു. മലപ്പുറത്തിന്‍റെ മുഹമ്മദ് ഹനാനാണ് സ്വര്‍ണം.





