ഐപിഎൽ 13–ാം സീസൺ; താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണു..

മുംബൈ∙ ഐപിഎൽ 13–ാം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് ഇന്നലെ തിരശ്ശീല വീണു. ക്യാപ്റ്റൻ രവിചന്ദ്ര അശ്വിനെ കിങ്സ് ഇലവൻ പഞ്ചാബ് പറഞ്ഞുവിട്ടപ്പോൾ തങ്ങളുടെ ഏറ്റവും വിശ്വസ്തനായ പോരാളി അജിൻക്യ രഹാനെയോടു ‘ടാറ്റാ’ പറഞ്ഞാണു രാജസ്ഥാൻ റോയൽസ് ഞെട്ടിച്ചത്. പേസ് നിര ശക്തിപ്പെടുത്തി മുൻ ചാംപ്യൻമാരായ മുംബൈ സാന്നിധ്യമറിയിച്ചു. കൂടുതൽ നേട്ടമുണ്ടാക്കിയതു ഡൽഹി ക്യാപിറ്റൽസാണ്. കൈമാറ്റ ജാലകത്തിൽ വിവിധ ടീമുകൾ നടത്തിയ കൊടുക്കൽ–വാങ്ങലുകളെ ഇങ്ങനെ സംഗ്രഹിക്കാം:
ഡൽഹി ‘ക്യാപ്റ്റൻസ്’
കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കൂടുതൽ പരിചയമുള്ള നായകൻ വേണമെന്നു ഡൽഹി ടീം മാനേജ്മെന്റിനു തോന്നി. അതുകൊണ്ടാവാം പഞ്ചാബ് ക്യാപ്റ്റനായ അശ്വിനെയും മുൻ രാജസ്ഥാൻ ക്യാപ്റ്റൻ രഹാനെയെയും ഡൽഹി റാഞ്ചിയത്.
‘ട്രെന്റിങ്’ മുംബൈ!
ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ന്യൂ ബോൾ പങ്കിടാൻ എത്തുന്നത് 2–ാം റാങ്കുകാരനായ ന്യൂസീലൻഡിന്റെ ട്രെന്റ് ബോൾട്ട് ആണ്. ബുമ്രയുടെ ആശാൻ ലസിത് മലിംഗ കൂടി ചേരുമ്പോൾ മുംബൈ ബോളിങ് യൂണിറ്റ് ട്രിപ്പിൾ സ്ട്രോങ്. മുൻ മുംബൈ താരം ധവാൽ കുൽക്കർണിയും വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഷെർഫെയ്ൻ റുഥർഫോർഡും ടീമിലെത്തുമ്പോൾ ബോളിങ്ങിൽ മുൻ ചാംപ്യൻമാർക്കു നോ ടെൻഷൻ!
പഞ്ചാബ് ലാബ്
കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനവും ടീം മാനേജ്മന്റുമായുള്ള പ്രശ്നങ്ങളുമാണു ക്യാപ്റ്റൻ അശ്വിനു പുറത്തേക്കുള്ള വഴി തുറന്നത്. ഡൽഹിയിൽനിന്നുള്ള ജഗദീശ സുചിത്താണ് ആശ്വിനു പകരം പഞ്ചാബിലേക്കെത്തുന്നത്. ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതവും ഇത്തവണ പഞ്ചാബിനു വേണ്ടി ഗ്രൗണ്ടിലിറങ്ങും.
കൊൽക്കത്ത ലാഡ്
മുംബൈ ഇന്ത്യൻസിന്റെ യുവതാരം സിദ്ധേഷ് ലാഡിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.
രാജസ്ഥാനെന്തു പറ്റി?
ടീമിലെ ഏറ്റവും സീനിയർ ബാറ്റ്സ്മാനും വിശ്വസ്തനുമായ രഹാനെയെ ടീം പുറത്തു വിട്ടപ്പോൾ ആരാധകർ അമ്പരന്നു. പകരക്കാരായി എത്തിയതാവട്ടെ സ്പിന്നർമാരായ മായങ്ക് മാർക്കണ്ഡെയും രാഹുൽ തെവാട്ടിയയും. രാജസ്ഥാന്റെ ഈ ‘ഗൂഗ്ലി’ എത്ര വിക്കറ്റു വീഴ്ത്തുമെന്നു കാത്തിരുന്നു കാണാം.





