പ്രമേഹത്തെയും കൊളസ്ട്രോളിനെയും അകറ്റാം; പുതിയ കണ്ടുപിടിത്തവുമായി ബി.ജെ.പി എം.പി ഗണേഷ് സിങ്..

ന്യൂഡൽഹി : സംസ്‌കൃത ഭാഷ സംസാരിച്ചാല്‍ പ്രമേഹത്തെയും കൊളസ്ട്രോളിനെയും അകറ്റിനിര്‍ത്താമെന്ന് ബി.ജെ.പി എം.പി ഗണേഷ് സിങ്. സംസ്കൃതം പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് നാഡികളെ ഉത്തേജിപ്പിക്കുമെന്നാണ് മധ്യപ്രദേശിലെ സത്നയില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഗണേഷ് സിങിന്‍റെ അവകാശവാദം. ലോക്‌സഭയില്‍ ആണ് എം.പി ഇക്കാര്യം പറഞ്ഞത്.
അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് സംസ്കൃതത്തിന്‍റെ ഗുണങ്ങള്‍ വ്യക്തമായതെന്ന് ഗണേഷ് സിങ് അവകാശപ്പെട്ടു. സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റീസ് ബില്‍ സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് ഗണേഷ് സിങ് ഇക്കാര്യം പറഞ്ഞത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സംസ്‌കൃതത്തിലായാല്‍ കുറ്റമറ്റതാക്കാന്‍ കഴിയുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. ചില ഇസ്‍ലാമിക ഭാഷകളുള്‍പ്പെടെ ലോകത്തിലെ 97 ശതമാനത്തോളം ഭാഷകളുടെ അടിസ്ഥാനം സംസ്‌കൃതമാണെന്നും എം.പി പറഞ്ഞു.
കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയും സംസ്കൃതത്തെ പുകഴ്ത്തി രംഗത്തെത്തി. കൗ, ബ്രദര്‍ തുടങ്ങിയ ഇംഗ്ലീഷ് പദങ്ങള്‍ സംസ്‌കൃതത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. സംസ്‌കൃതത്തിന് നല്‍കുന്ന പ്രോത്സാഹനം മറ്റൊരു ഭാഷയേയും പ്രതികൂലമായി ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.





