Information
HomeNews

എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ അറിയാത്തവരെ സ്ഥിരമായി സഹായിക്കും; ചതി അറിയുക പിറ്റേ ദിവസം മാത്രം, കെണിയില്‍പ്പെടുത്തുന്നത് കൂടുതലും ഇക്കൂട്ടരെ

14 Jul 20232 മിനിറ്റ് വായന
എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ അറിയാത്തവരെ സ്ഥിരമായി സഹായിക്കും; ചതി അറിയുക പിറ്റേ ദിവസം മാത്രം, കെണിയില്‍പ്പെടുത്തുന്നത് കൂടുതലും ഇക്കൂട്ടരെ


ഇടുക്കി:(www.payangadilive.in) എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ അറിയാത്തവരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാര്‍ഡും പിന്‍ നമ്ബറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍.

തമിഴ്‌നാട് ജെ.കെ പെട്ടി സ്വദേശി തമ്ബിരാജിനെയാണ് (46) പൊലീസ് പിടികൂടിയത്. മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം മെഷനുകളില്‍ നേരത്തെ തന്നെ എത്തി പേപ്പര്‍ കുത്തികയറ്റി പ്രവര്‍ത്തനരഹിതമാക്കും. ഈ കൗണ്ടറുകളിലെത്തി പണമെടുക്കാന്‍ കഴിയാതെ വരുന്ന ഉപഭോക്താക്കള്‍ മറ്റ് എടിഎം കൗണ്ടറുകളെ ആശ്രയിക്കും.

ഇങ്ങനെയെത്തുന്ന ഇടപാടുകാരില്‍ നിന്ന് തന്ത്രത്തില്‍ എടിഎം കാര്‍ഡ് കൈക്കലാക്കും. ശേഷം തന്റെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന അതേ ബാങ്കിന്റെ മറ്റൊരു കാര്‍ഡ് ഇടപാടുകാരന്‍ കാണാതെ മെഷീനില്‍ ഇടും. തുടര്‍ന്ന് പിന്‍ നമ്ബര്‍ അടിക്കാന്‍ പറയും. എന്നാല്‍ പിന്‍ നമ്ബര്‍ തെറ്റാണെന്ന സന്ദേശം എടിഎം മെഷീനിലെ സ്ക്രീനില്‍ കാണുന്നതോടെ ഇടപാടുകാരന്‍ കാര്‍ഡും വാങ്ങി മടങ്ങും. അതിന് ശേഷം ഇടപാടുകാരന്റെ എടിഎം കാര്‍ഡും പിന്‍ നമ്ബറും ഉപയോഗിച്ച്‌ പിന്നീട് തുക പിന്‍വലിക്കുകയായിരുന്നു ഇയാളുടെ രീതി. പണം പോയ വിവരം അക്കൗണ്ട് ഉടമ അറിയുന്നത് പിന്നെയായിരിക്കും.

കട്ടപ്പന സ്വദേശിയായ ശ്രീജിത്ത് എസ് നായര്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഈ മാസം രണ്ടിനാണ് കട്ടപ്പന ഇടശേരി ജംഗ്ഷനിലുള്ള എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെ തമ്ബിരാജ് കബളിപ്പിച്ചത്. തുടര്‍ന്ന് ബാങ്കിലും കട്ടപ്പന പൊലീസ് സ്റ്റേഷനിലും ഇയാള്‍ പരാതി നല്‍കി.

ഇടുക്കി ജില്ലാ പൊലീസ് മേധാവി വി എ കുര്യക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്‍പി വി.എ നിഷാദ് മോന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയും സാമാനമായ കുറ്റക്യത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് സമാനരീതിയില്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഏടിഎം മോഷണം നടത്തുകയും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഒരു മാസം മുമ്ബ് പുറത്തു വരികയും ചെയ്ത തമ്ബിരാജിനെ കേന്ദ്രികരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചത്. അപൂര്‍വമായി മാത്രം ബോഡിയിലെ വീട്ടില്‍ എത്തുന്ന ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്‍പിയുടെ നേത്യത്വത്തില്‍ പിടികൂടുകയായിരുന്നു.

കട്ടപ്പന എസ്‌എച്ച്‌ഒ പി.ടി മുരുകന്‍, എസ്.ഐ സജിമോന്‍ ജോസഫ്, വി.കെ അനീഷ് എന്നിവരും തമിഴ്‌നാട് ക്രൈം പോലീസ് എസ്.ഐ ഷംസുദ്ദീന്‍, സേതുപതി എന്നിവരുടെ സഹായത്തോടും കൂടിയാണ് പ്രതിയെ പിടികൂടിയത്. പ്രായമായവരും അന്യ സംസ്ഥാന തൊഴിലാളികളുമാണ് തട്ടിപ്പിന് ഇരയാകുന്നതിലധികവും. തമിഴ്‌നാട്ടില്‍ 27 കേസുകളും കര്‍ണാടക,ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ സമാനമായ കേസുകളിലും പ്രതിയാണിയാള്‍. ഇടുക്കി ജില്ലയില്‍ പീരുമേട്, കുമളി, പാമ്ബനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളില്ലും തട്ടിപ്പ് നടത്തിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക