Kerala
ഗോഡൗണില്‍ ക്രൂരബലാത്സംഗം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ട് യുവതി; സുഹൃത്ത് പിടിയില്‍
25 Jun 20231 മിനിറ്റ് വായന
മണിക്കൂറുകള്‍ നീണ്ട പീഡനത്തിനിടെ വിവസ്ത്രയായി ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കിരണുമായി നേരത്തെ പരിചയമുള്ള യുവതി ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആണ്‍സുഹൃത്തുമായി ടെക്നോപാര്‍ക്കിനുസമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ എത്തി. ഇതറിഞ്ഞ കിരണ്‍ അവിടെയെത്തി മര്‍ദിച്ചതിന് ശേഷം യുവതിയോട് ബൈക്കില്‍ കയറാൻ ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ ബൈക്കില്‍ കയറിയില്ലെങ്കില്‍ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരണ്‍ പറഞ്ഞു. തുടര്‍ന്ന് ബൈക്കില്‍ കയറിയ യുവതിയെ മേനംകുളത്ത് എത്തിച്ച് മര്‍ദിച്ചു.
രാത്രി ഒന്നരയോടെ വെട്ടുറോഡുള്ള കൃഷിഭവന്‍റെ ഗോഡൗണിലെത്തിച്ചു. ഇവിടെ വെച്ച് ഞായറാഴ്ച പുലര്‍ച്ച അഞ്ച് മണി വരെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മര്‍ദനവും പീഡനവും കിരണ്‍ തന്നെ മൊബൈലില്‍ ചിത്രീകരിച്ചു. രാവിലെ അവിടെ നിന്ന് വിവസ്ത്രയായി ഓടിയ യുവതിയുടെ നിലവിളികേട്ട് എത്തിയ അയല്‍വാസിയാണ് വസ്ത്രം നല്‍കിയതും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്.
പൊലീസ് എത്തി കിരണിനെ കസ്റ്റഡിയില്‍ എടുത്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ അജിത് കുമാര്‍, എസ്.ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.





