Kannur
HomeNews

ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനുമായി കൊണ്ടുവന്ന ആന ഇടഞ്ഞു ; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

8 Feb 20191 മിനിറ്റ് വായന
ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനുമായി കൊണ്ടുവന്ന ആന ഇടഞ്ഞു ; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

കണ്ണൂര്‍:ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനുമായി കൊണ്ടുവന്ന ആന ഇടഞ്ഞു. ഇടഞ്ഞോടിയതിനിടയില്‍ പെട്ട് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി നിഷാനിവാസില്‍ നാരായണന്‍ പട്ടേരി എന്ന (ബാബു) (66), കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന്‍ എന്നിവരാണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മുരുകനെ കുന്നംകുളം സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും സന്ധ്യയോടെ മരിക്കുകയായിരുന്നു.
അടുത്ത പറമ്ബില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന നാരായണന്‍ ആനയുടെ ചവിട്ടേറ്റ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കുടുംബ സുഹൃത്തിന്റെ ഗൃപ്രവേശനത്തിന് എത്തിയതായിരുന്നു നാരായണന്‍. ഓടുന്നതിനിടെ ആനയുടെ കൊമ്ബുകുത്തിയാണ് മുരുകന് പരിക്കേറ്റത്.
ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്.
ഈ സമയത്താണ് അടുത്ത പറമ്ബില്‍ നിന്ന് പടക്കം പൊട്ടിയത്. പടക്ക ശബ്ദം കേട്ട് പരിഭ്രാന്തനായി ആന ഓടി. ഈ സമയം ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം പേര്‍ വീട്ടു മുറ്റത്തുണ്ടായിരുന്നു. തിക്കിലും തിരക്കിലും ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഖത്തറില്‍ ഹബീബ് ഇന്റര്‍നാഷണ്‍ ബാങ്കിലെ മാനേജറാണ് മരണമടഞ്ഞ നാരായണന്‍. ഭാര്യ: ബേബിനിഷ. മക്കള്‍: ഡോ. നീന (ജില്ലാ ആശുപത്രി,കണ്ണൂര്‍) റീനു. വിദ്യാര്‍ത്ഥി, മരുമകന്‍: ഡോ. വിശാല്‍ (ജില്ലാ ആശുപത്രി,കണ്ണൂര്‍). സഹോദരങ്ങള്‍: ജാനകി, ശാരദ, കമലാക്ഷി, സുരേന്ദ്രന്‍, രമേശന്‍, ലക്ഷ്മണന്‍, പരേതനായ മുകുന്ദന്‍. സംസ്‌കാരം നാളെ വൈകുന്നേരം ആറിന് ഏഴാം മൈല്‍ സമുദായ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്ബത് വയസിലേറെ പ്രായമുണ്ട്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക