Sports
HomeNews

ഇന്ത്യ ദക്ഷിണാഫ്രിക്ക  ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 71 റൺസിന്റെ  ലീഡ്..

5 Oct 20191 മിനിറ്റ് വായന
ഇന്ത്യ ദക്ഷിണാഫ്രിക്ക  ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 71 റൺസിന്റെ  ലീഡ്..

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 71 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. നാലാം ദിനം ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 431 റൺസിന് പുറത്തായി.  ഡീൻ എൽഗറിന്റെയും (160) ക്വിന്റൺ ഡി കോക്കിന്റെയും (111) സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ 400 കടക്കാൻ സഹായിച്ചത്. എട്ടിന് 385 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 46 റൺസ് കൂടി കൂട്ടിച്ചേർത്തു. കേശവ് മഹാരാജ് (9), കാഗിസോ റബാദ (15) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സെനൂരൻ മുത്തുസാമി 33 റൺസോടെ പുറത്താകാതെ നിന്നു.
 ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ ഏഴു വിക്കറ്റ് വീഴ്ത്തി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ടെസ്റ്റിൽ അശ്വിന്റെ 27-ാം അഞ്ചുവിക്കറ്റ് പ്രകടനമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചാം തവണയും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ കൂടുതൽ തവണ അഞ്ചുവിക്കറ്റ് നേടിയതും അശ്വിൻ തന്നെ.
 ടെസ്റ്റിൽ വേഗത്തിൽ 200 വിക്കറ്റെടുക്കുന്ന ഇടങ്കയ്യൻ ബൗളറെന്ന റെക്കോഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കി. 44-ാം ടെസ്റ്റിലാണ് നേട്ടം. 47 ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ച രംഗനെ ഹെറാത്തിനെയാണ് ജഡേജ മറികടന്നത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി വേഗത്തിൽ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ജഡേജ സ്വന്തമാക്കി. 36 ടെസ്റ്റിൽ ഈ നേട്ടം കൈവരിച്ച രവിചന്ദ്രൻ അശ്വിനാണ് പട്ടികയിൽ മുന്നിൽ. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക