പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകള്‍ യുപി സർക്കാർ കണ്ടുകെട്ടുന്നു..

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മുസഫര്‍ നഗറില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ആളുകളുടെ 50 കടകള്‍ സീല്‍ ചെയ്യാന്‍ ജില്ലാ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റിടങ്ങളിലും സമാന നടപടികൾ ഉടൻ തുടങ്ങും.
2018ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നടപടി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാൽ അന്വേഷണം പോലും നടത്താതെയാണ് ഇപ്പോൾ സ്വത്ത് വകകൾ കണ്ടുകെട്ടുന്നത്. വ്യാപകമായി സ്വത്ത് കണ്ടുകെട്ടുന്നവരെല്ലാം അക്രമാസക്തമായ സമരത്തിന്റെ ഭാഗമാണോ എന്നത് അന്വേഷണം വഴി കണ്ടെത്തേണ്ടതാണ്.
നിരത്തില്‍ പ്രതിഷേധത്തിനിറങ്ങി പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതിഷേധത്തില്‍ ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 8 വയസ്സുകാരനായ കുട്ടിയുള്‍പ്പെടെയാണ് പ്രക്ഷോഭത്തില്‍ മരിച്ചു വീണത്. പൊലീസിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 10 പേരെന്നാണ് പറയുന്നത്. എന്നാൽ, പൊലീസ് വെടിവെയ്പ്പിലല്ല മറിച്ച് ഉന്തിലും തള്ളിലുമാണ് കൂടുതല്‍ പേര്‍ക്കും ജീവഹാനി സംഭവിച്ചതെന്നാണ് പൊലീസ് ഭാഷ്യം.





