Payangadi
HomeNews

പട്ടുവത്ത് ഒരു വയോധികക്ക് കൂടി പാമ്പുകടിയേറ്റു

26 Apr 20261 മിനിറ്റ് വായന
പട്ടുവത്ത് ഒരു വയോധികക്ക് കൂടി പാമ്പുകടിയേറ്റു

പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി (77) ക്കാണ് വീട്ടുപരിസരത്തുവെച്ച് ചുരുട്ടമണ്ഡലിയുടെ കടിയേറ്റത്. ഇന്ന് വൈകിട്ട്  നാല് മണിയോടെ വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

വെള്ളിയാഴ്ച്ച വീട്ടുപരിസരത്തുവെച്ച് പട്ടുവം മുതുകുടയിലെ നബീസയെ(75)പാമ്പുകടിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇവര്‍ മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കിടന്നുറങ്ങവെ വീട്ടിൽ നിന്നും പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. 

ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് ബന്ധുക്കൾക്ക് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നബീസയെ രക്ഷപെടുത്തുന്നതിനായി ആൻ്റിവെനം നൽകി വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു ശംഖ് വരയൻ പാമ്പാണ കടിച്ചതെന്നായിരുന്നു സംശയം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക