Payangadi
HomeNews

പഴയങ്ങാടി റെയിൽവെ അണ്ടർപാസ് പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

4 Mar 20261 മിനിറ്റ് വായന
പഴയങ്ങാടി റെയിൽവെ അണ്ടർപാസ് പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും


പഴയങ്ങാടി റെയിൽവെ അണ്ടർ പാസ്പ്രവൃത്തി ഉദ്ഘാടനം മാർച്ച് ആറിന് വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. നിലവിലുള്ള അടിപ്പാതക്ക് സമാന്തരമായി ആറ് മീറ്റർ വീതിയിലാണ് പുതിയ അടിപ്പാത നിർമ്മിക്കുന്നത്. ഏഴ് കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി അനുവദിച്ചത്. അടിപ്പാത പൂർത്തിയായൽ വൺ വേ സംവിധാനം ഏർപ്പെടുത്തും. അപ്രോച്ച് റോഡ് ഉപരിതല നവീകരണം, കോൺക്രീറ്റ് ഡ്രെയിനേജുകളുടെ നിർമ്മാണം, സമീപത്തുള്ള ഡ്രെയിനേജ് സിസ്റ്റത്തിലേക്കുള്ള വെള്ളം തിരിച്ചു വിടുന്നതിനുള്ള ക്രോസ്സ് ഡ്രെയിൻ ബ്രെയിൻ സ്ലാബ്, സ്വകാര്യ വ്യക്തികളുടെ നിർമ്മിതികൾ ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 റെയിൽവെ അണ്ടർ പാസിൽ നിലവിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. പഴയങ്ങാടി റെയിൽവെ സ്റ്റേഷൻ, പുതിയങ്ങാടി മത്സ്യബന്ധന കേന്ദ്രം, ചൂട്ടാട് ബീച്ച്, ടൂറിസം പാർക്ക് എന്നിവിടങ്ങളിലേക്ക് പോകുന്നവരും മാടായി, മാട്ടൂൽ പഞ്ചായത്തിലെ ജനങ്ങൾക്കും ഈ പ്രദേശത്ത് എത്തിച്ചേരുന്നവർക്കും നിത്യേനയുള്ള വാഹനങ്ങളുടെ നീണ്ട നിര ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിലവിലുള്ള അണ്ടർപാസിന് സമീപത്തായി പുതിയ റെയിൽവെ അണ്ടർ പാസ് നിർമ്മിക്കുന്നത്.

അടിപ്പാത വേഗത്തിൽ നടപ്പിലാക്കുന്നതിന് വിവിധ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടത്തിയതെന്നും ഗതാഗത കുരുക്ക് നേരിടുന്ന പഴയങ്ങാടി ജനതയുടെ കഴിഞ്ഞ 50 വർഷ കാലത്തെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാക്കുന്നതെന്നും എം വിജിൻ എം എൽ എ അറിയിച്ചു.

പ്രസ്തുത പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെയും റയിൽവേയുടെയും മേൽനോട്ടത്തിലാണ് നിർവ്വഹിക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക