മോഷ്ടിച്ച ബൈക്കുകളിലെത്തി പിലാത്തറ വർക്ക്ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ചു

പരിയാരം: രണ്ട് ബൈക്കുകൾ മോഷ്ടിച്ച് വർക്ക് ഷോപ്പിലെത്തി കാർ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ പുലർച്ചെ 2.40 ന് പിലാത്തറ ചുമടുതാങ്ങിയിലെ കാർവാഷ് എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്.
പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച് പയ്യന്നൂർ ടൗണിൽ ഉപേക്ഷിച്ചു മോഷ്ടാവ് അവിടെ നിർത്തിയിട്ട ഒരു ബുള്ളറ്റ് ബൈക്ക് മോഷ്‌ടിച്ചാണ് പിലാത്തറയിൽ എത്തിയത്.
ബുള്ളറ്റ് വർക്ക്ഷോപ്പിന് സമീപം പാർക്ക് ചെയ്‌ത് സ്ഥാപനത്തിന്റെ ഡോർ തകർത്ത് അകത്തുകടന്ന് താക്കോലെടുത്താണ് കാറുമായി കടന്നത്.
നടുവിൽ സ്വദേശി പെയിന്റിംഗിനായി എത്തിച്ച കെ.എൽ-39-പി-8902 ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറാണ് മോഷ്ടിച്ചത്.വർക്ക് ഷോപ്പ് ഉടമ തളിപ്പറമ്പിലെ നിധീഷിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.ദേശീയപാതയിലെയും പരിസരങ്ങളിലെയും സി.സി ടിവി കാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്.





