Payangadi
HomeNews

കണ്ണൂര്‍ - പഴയങ്ങാടി - പിലാത്തറ - പയ്യന്നൂര്‍ റൂട്ടിൽ നിർത്തലാക്കിയ കെ.എസ്.ആര്‍.ടി സി സര്‍വ്വീസുകൾ പുനരാരംഭിക്കണം

19 Aug 20251 മിനിറ്റ് വായന
കണ്ണൂര്‍ - പഴയങ്ങാടി - പിലാത്തറ - പയ്യന്നൂര്‍ റൂട്ടിൽ  നിർത്തലാക്കിയ  കെ.എസ്.ആര്‍.ടി സി സര്‍വ്വീസുകൾ പുനരാരംഭിക്കണം


കണ്ണൂര്‍ - പഴയങ്ങാടി - പിലാത്തറ - പയ്യന്നൂര്‍ റൂട്ടിൽ  നിർത്തലാക്കിയ  കെഎസ്ആര്‍ടിസി യുടെ മുഴുവൻ ബസ് സര്‍വ്വീസുകളും  പുനരാരംഭിക്കണമെന്ന് എം വിജിൻ എം എൽ എ ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


ആവശ്യങ്ങൾ പരിഗണിക്കുമെന്നും, ഗ്രാമീണ മേഖലയിൽ തീരുമാനിച്ച സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു


പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് 4 ഉം, കണ്ണൂരില്‍ നിന്ന് 6 ബസുകള്‍ ഉള്‍പ്പടെ 10 ബസുകളാണ് ചെയിൻ സര്‍വ്വീസായി പയ്യന്നൂർ - പഴയങ്ങാടി - കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തിവന്നത്. എന്നാല്‍  ജീവനക്കാരുടെ കുറവും, ബസ് സര്‍വ്വീസ് നഷ്ട്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി നിർത്തലാക്കായിരുന്നു. നിലവില്‍ പയ്യന്നൂര്‍ ഡിപ്പോയിൽ നിന്നും ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തി വരുന്നത്.  

കണ്ണൂർ ഡിപ്പോയിൽ നിന്നും വൈകുന്നേരം 6 മണിക്ക് പുറപ്പെടുന്ന സർവ്വീസും

പഴയങ്ങാടിയിൽ നിന്നും രാത്രി 7 മണിക്ക് ശേഷം കണ്ണൂർ ഭാഗത്തേക്ക് രാത്രി കാലങ്ങളിൽ നിരവധി പേർ ആശ്രയിച്ചിരുന്ന  സർവ്വീസും ഉൾപ്പടെ നിർത്തലാക്കി. ഇത് ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുകയാണ്.

പഴയങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്നും രാവിലെ മാവേലി എക്സ്പ്രസ് ട്രെയിനില്‍ എത്തി ചേരുന്നവര്‍ക്കുവേണ്ടി ആരംഭിച്ച സര്‍വ്വീസും  നിരവധിയായ ഗ്രാമീണ സര്‍വ്വീസുകള്‍ ഉള്‍പ്പടെ നിര്‍ത്തലാക്കിയിരുന്നു.


രാവിലെ 5.30 ന് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ആണ്ടാംകൊവ്വൽ -ഹനുമാരമ്പലം വഴി പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തുന്ന കെ എസ് ആർ ടി സി  ബസ് കോവിഡ് കാലത്ത് സർവീസ് നിർത്തിയത് യാത്രക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പുന:സ്ഥാപിച്ചിട്ടില്ല. 


നിത്യേന ഈ പ്രദേശങ്ങളിൽ നിന്നും ജോലിക്കും പഠനത്തിനുമായി പോകുന്ന  ദീർഘദൂരയാത്രക്കാരായ അനവധി ആളുകളും വിദ്യാർത്ഥികളും ഇതുമൂലം ബുദ്ധിമുട്ടിലാണ്. ആയതിനാല്‍  യാത്രക്കാര്‍ക്ക് ഏറെ ഉപകരാപ്രദമായി ഉപയോഗിച്ചു വന്ന നിര്‍ത്തലാക്കിയ മുഴുവന്‍  സര്‍വ്വീസുകളും അടിയന്തരമായി പുന:രാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ എം വിജിൻ എം എൽ എ  ആവശ്യപ്പെട്ടു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക