Payangadi
HomeNews

റീമയുടെ മരണത്തില്‍ വിതുമ്പി വെങ്ങര ഗ്രാമം കുട്ടിയെ കണ്ടെത്താനായില്ല

22 Jul 20251 മിനിറ്റ് വായന
റീമയുടെ മരണത്തില്‍ വിതുമ്പി വെങ്ങര ഗ്രാമം കുട്ടിയെ കണ്ടെത്താനായില്ല

 


പഴയങ്ങാടി: വെങ്ങര ഗ്രാമം ഒന്നാകെ സങ്കടക്കടലിലാണ്. കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിക്ക് വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തുചാടിയ വെങ്ങര നടക്കുതാഴെ സ്വദേശിനി റീമ എന്ന യുവതിയുടെ മരണം ഒരു ഗ്രാമത്തെ ഒന്നാകെയും അച്ഛൻ മോഹനൻ, അമ്മ രമ, ജ്യേഷ്ഠത്തി രമ്യ, കുടുംബാംഗങ്ങള്‍ എന്നിവരെയും സങ്കടക്കടലില്‍ ആക്കിയിരിക്കുകയാണ്.

രണ്ടുദിവസമായി പുഴയില്‍ നടത്തിയ തെരച്ചിലിലും റീമയുടെ മകൻ കൃഷീവ് രാജ് എന്ന മൂന്നു വയസ്സുള്ള കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു. ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ പുഴയിലും, പുഴയോട് ചേർന്നുള്ള കണ്ടല്‍ക്കാടുകളിലും ചെമ്പല്ലിക്കുണ്ട് പുഴയോട് അനുബന്ധിച്ചുള്ള പാലക്കോട് പുഴയിലും പയ്യന്നൂർ നിന്നുള്ള ഫയർഫോഴ്സും സ്‌കൂബ ടീമും മത്സ്യത്തൊഴിലാളികളും തെരച്ചല്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ആധുനിക സംവിധാനമായ അണ്ടർ വാട്ടർ ഡ്രോണ്‍ കാമറ ഉപയോഗിച്ചും തെരച്ചല്‍ നടത്തി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ റീമയുടെ മൃതദേഹം ഇന്ന് രാവിലെ 10ന് വീടിനടുത്തുള്ള യുവജന വായനശാലയില്‍ പൊതുദർശനത്തിനുശേഷം 11 മണിയോടെ നടക്കുതാഴെ സമുദായ ശ്മശാനത്തില്‍ സാംസ്‌കരിച്ചു. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബാംഗങ്ങളും നാട്ടുകാരും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക