മാടായിപാറയിലേക്ക്; പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു

GHSS കുഞ്ഞിമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ SPC കേഡറ്റുകൾ മാടായിപ്പാറയിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.
രാവിലെ 7.30 ന് മാടായി ദാരികൻ കോട്ടയിൽ നിന്ന് ആരംഭിച്ച യാത്ര ഉച്ചക്ക് 1 മണിയോടെ ജൂതക്കുളത്തിന് സമീപം അവസാനിപ്പിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മാടായിപ്പാറയെ മാലിന്യമുക്തമായി വരും തലമുറക്ക് വേണ്ടി കാത്തു വെക്കാൻ ആഹ്വാനം ചെയ്യുന്ന മുന്നറിയിപ്പ് ബോർഡ് വടുകുന്ദ തടാകത്തിന് സമീപം സ്ഥാപിച്ചു. പഴയങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശ്രീമതി സുമ സി , SPC ഗാർഡിയൻ പ്രസിഡണ്ട് Dr. അജിത് കുമാർ എന്നിവർ ആശംസകൾ നേർന്നു. കേഡറ്റുകൾക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൻ്റെ ഭാഗമായി മാടായിപ്പാറയുടെ മഴക്കാല സൗന്ദര്യം കേഡറ്റുകൾ മൊബൈൽ ക്യാമറയിൽ പകർത്തി.
ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങളും അപൂർവ്വയിനം ചിത്രശലഭങ്ങളെയും പക്ഷികളെയും പറ്റിയുള്ള വിവരങ്ങളും കുഞ്ഞിമംഗലം ഹൈസ്കൂൾ കെമിസ്ട്രി അധ്യാപിക ശ്രീമതി സിന്ധു കെ.പി കുട്ടികൾക്ക് നൽകി. മാടായി പാറ സംരക്ഷണ സമിതി സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ കുഞ്ഞികൃഷ്ണൻ മാസ്റ്റർ മാടായിപ്പാറയുടെ ചരിത്രവും ഭൂമിശാസ്ത്ര പരമായുള്ള പ്രത്യേകതകളെപ്പറ്റി കുട്ടികളോട് സംസാരിച്ചു. വടുകുന്ദ തടാകവും ജൂതക്കുളവും ദാരികൻ കോട്ടയും നേരിൽ കണ്ട് 300 ഏക്കറിൽ നീണ്ടു കിടക്കുന്ന മാറായിപ്പാറയിലെ സസ്യ ജന്തുവൈവിധ്യത്തെ തൊട്ടറിഞ്ഞ് മഴ നനഞ്ഞ് കൊണ്ടുള്ള പ്രകൃതി യാത്ര കേഡറ്റുകൾക്ക് പുതിയ അനുഭവവമായി. അപൂർവ്വയിനം സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായ മാടായിപ്പാറ സംരക്ഷണം സ്വന്തം കടമയായി ഉൾക്കൊണ്ട് കൊണ്ട് കേഡറ്റുകൾ പാറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനക്ക് കൈമാറിയത് മാതൃകപരമായ പ്രവർത്തനമായി. മഴയാത്ര പരിപാടിക്ക് GHSS കുഞ്ഞിമംഗലം SPC യൂണിറ്റ് CPO മാരായ രജിൻ കെ.വി ,സവിത കെ.വി എന്നിവർ നേതൃത്വം നൽകി.





