പഴയങ്ങാടി പുഴയോരത്ത് ബോട്ട് റേസ് ഗാലറി ഒരുങ്ങി

വള്ളംകളി ആസ്വദിക്കാനും കണ്ടൽക്കാടിന്റെ സൗന്ദര്യം നുകരാനും പഴയങ്ങാടി പുഴയോരത്ത് ബോട്ട് റേസ് ഗാലറി ഒരുങ്ങി. വൈവിധ്യമാർന്ന ഭക്ഷണം വിളമ്പുന്ന ഫ്ലോട്ട് റസ്റ്ററന്റും ഇതിനോട് ചേർന്ന് നിർമിച്ചു.
മാടായിപ്പാറ ഉൾപ്പെടെയുള്ള ഭാഗത്തെ പ്രകൃതിസൗന്ദര്യവും ഇവിടെ നിന്ന് ആസ്വദിക്കാനാകും വിധം വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് നിർമാണം നടത്തിയത്. മലബാർ റിവർ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിലെ വിനോദസഞ്ചാരമേഖലയിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പഴയങ്ങാടി പുഴയോരത്തെ ഈ രണ്ട് പദ്ധതികളും.
പഴയങ്ങാടി മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപമാണ് ഗാലറിയും റസ്റ്ററന്റും സജ്ജമാക്കിയിട്ടുള്ളത്. ഗാലറിക്ക് 2.8 കോടി രൂപയും ഫ്ലോട്ടിങ് റസ്റ്ററന്റിന് 1.88 കോടി രൂപയുമാണ് അനുവദിച്ചത്.
പഴയങ്ങാടിയിൽ നടക്കുന്ന വള്ളംകളി മത്സരം സൗകര്യപ്രദമായി കാണാൻ കഴിയുംവിധമുള്ള ഗാലറിക്ക് 65 മീറ്റർ നീളവും മൂന്നരമീറ്റർ വീതിയുമുണ്ട്. 500-ലേറെ ആളുകൾക്ക് ഇരിക്കാനുമാകും.
ജലത്തിനുമീതെ ഭക്ഷണശാല,
കരയിൽനിന്ന് 25 മീറ്റർ അകലത്തിൽ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഭക്ഷണശാലയ്ക്ക് 3000 ചതുരശ്രയടി വിസ്തീർണമുണ്ട്. ഒരേസമയം 80-ലധികം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാകും. ഉല്ലാസത്തിനും മറ്റുമായി ബോട്ടുകളിലും ഹൗസ് ബോട്ടുകളിലുമെത്തുന്നവർക്ക് റസ്റ്ററന്റിനോട് ചേർന്ന് ഇവ അടുപ്പിക്കാനും ഭക്ഷണശാലയിലേക്ക് കയറാനും സാധിക്കും. 17 മീറ്റർ നീളത്തിൽ ഇരുമ്പുപാലവും പ്രവേശന കവാടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. തീരത്ത് 100 മീറ്ററോളം നീളത്തിൽ നടപ്പാതയും സൗരോർജ വിളക്കുകളും അലങ്കാരവിളക്കുകളുമുണ്ട്. സുരക്ഷയ്ക്കായി സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചാണ് കൈവരികൾ നിർമിച്ചത്. വാഹന പാർക്കിങ് സൗകര്യവുമുണ്ട്.





