മാട്ടൂൽ ബീച്ചിൽ അക്വാ സാഹസിക ടൂറിസം പദ്ധതി വരുന്നു

ബീച്ചിൽ നടപ്പിലാക്കുന്ന അക്വാ അഡ്വഞ്ചർ ടൂറിസം അറ്റ് മാട്ടൂൽ 'ബീച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എം. വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ടൂറിസം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ദിവസവും ഒട്ടേറെപേർ വരുന്ന മാട്ടൂൽ പെറ്റ് സ്റ്റേഷനു സമീപത്താണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. കടലിനോട് ചേർന്ന് നിൽക്കുന്ന പ്രദേശത്ത് സാഹസിക ടൂറിസത്തോടൊപ്പം വാക് വേ, ഇരിപ്പിടങ്ങൾ, സൗന്ദര്യവിളക്കുകൾ, കഫ്റ്റീരിയ, കുട്ടികളുടെ പാർക്ക്, ശൗചാലയം എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പ്രദേശത്തിന്റെ ടൂറിസം വികസനത്തോടൊപ്പം നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്ന നിലയിലായിരിക്കും പദ്ധതി. ടൂറിസം പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയാണ് സന്ദർശനം. നേരത്തെ വിശദമായ പദ്ധതി സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചതായും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം എൽ എ അറിയിച്ചു.
ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി പി.കെ. സൂരജ് , ഡെപ്യൂട്ടി തഹസിൽദാർ പി.വി. ബീന, മാട്ടൂൽ വില്ലേജ് ഓഫീസർ എം. സനില, സ്പെഷ്യൽ വില്ലേജ് ഓഫീസർ വി.വി. അശോകൻ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായി.





