അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; കുടുംബ സംഗമം മെയ് 25 ഞായറാഴ്ച്ച

പഴയങ്ങാടി:അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം കുടുംബ സംഗമം, ധനശേഖരണോദ്ഘടനം, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം , ലോഗോ ഡിസൈനർക്കുള്ള ആദരം തുടങ്ങിയവ 25ന് ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് കുടുംബ സംഗമം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിക്കും. ബേക്കൽ ഡിവൈഎസ്പി വി വി മനോജ്, ചെറുതാഴം പഞ്ചായത്ത് പത്താം വാർഡ് അംഗം ടി പി സരിത എന്നിവർ പങ്കെടുക്കും.
തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ധന ശേഖരണ ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരം 5 .30ന് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം അഡ്വ. ബ്രിജേഷ് കുമാറിന്റെ അധ്യക്ഷതയിൽ മുൻ എംഎൽഎ ടിവി രാജേഷ് നിർവഹിക്കും.
ലോഗോ ഡിസൈൻ ചെയ്ത രാജേഷ് രാഗ എടാട്ടിന് ചലച്ചിത്ര അവാർഡ് ജേതാവ് ഹരീഷ് മോഹനൻ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് രാജേഷ് ധർമ്മൻ അവതരിപ്പിക്കുന്ന 'ഓർമ്മയുടെ പാട്ടുകൾ' അരങ്ങേറും.





