Information
40 കഴിഞ്ഞാൽ മരുന്ന് കഴിക്കാത്തവർ ഇല്ലാതായി; ഇരട്ടരോഗമുള്ള മലയാളി | രോഗക്കിടക്കയിലോ കേരളം?
17 Oct 20233 മിനിറ്റ് വായന
അഞ്ചിലൊരാൾക്ക് പ്രമേഹം, മൂന്നിലൊരാൾക്ക് രക്തസമ്മർദം; ദിവസേന നൂറിലധികം പുതിയ അർബുദരോഗികൾ. ഹൃദ്രോഗത്തിന്റെയും വൃക്കരോഗങ്ങളുടെയും കുതിച്ചുകയറ്റവും. ജീവിതശൈലീ രോഗങ്ങളുടെ കണക്കെടുത്താൽ രാജ്യത്തിന്റെ മുൻനിരയിലാണ് കേരളം. ഒരുവശത്ത് ജീവിതശൈലീ രോഗങ്ങളുൾപ്പെടെയുള്ള പകരാവ്യാധികളും മറുവശത്ത് പകർച്ചവ്യാധികളും. ഇരട്ടരോഗഭീതിയുടെ ഭാരവും പേറിയാണ് മലയാളിയുടെ ദിനങ്ങൾ കടന്നുപോവുന്നത്. ഇരട്ടരോഗ ഭീതിയുള്ള ഇതുപോലൊരു ഭൂപ്രദേശം ലോകത്തില്ലെന്നുപോലും അഭിപ്രായപ്പെടുന്ന വിദഗ്ധരുണ്ട്.
പ്രമേഹരോഗത്തിന്റെ താഴ്വാര
സംസ്ഥാനത്ത് പതിനെട്ടു വയസ്സിനു മുകളിലുള്ളവരിൽ ഇരുപത് ശതമാനത്തിലധികവും പ്രമേഹരോഗികളാണ്. അമ്പതു വയസ്സിനു മുകളിലുള്ളവരിലെ പ്രമേഹനില അമ്പതു ശതമാനത്തിന് മുകളിലെത്തും. ഐ.സി.എം.ആർ. നടത്തിയ പഠനത്തിൽ പ്രമേഹത്തിന്റെ ദേശീയ ശരാശരി ഒമ്പത് ശതമാനമായിരുന്നു. ഇതുമായി താരതമ്യംചെയ്യുമ്പോൾ മനസ്സിലാവും ജനസംഖ്യയുടെ വലിയൊരു പങ്കിനും പ്രമേഹമുള്ള കേരളത്തിലെ രോഗഭീകരത. ഒരു പഞ്ചായത്തിൽത്തന്നെ ചുരുങ്ങിയത് 1500 പ്രമേഹരോഗികളെങ്കിലുമുണ്ട്.
"അമൃതം ആരോഗ്യം പദ്ധതി’ പ്രകാരം 1.34 കോടി പേരിൽ നടത്തിയ പരിശോധനയിൽ 9.01 ലക്ഷം പുതിയ പ്രമേഹരോഗികളെ കണ്ടെത്തി. 10.06 ലക്ഷം പുതിയ രക്തസമ്മർദ രോഗികളെയും കണ്ടെത്താനായി".
കുതിച്ചുയരുന്ന അർബുദം
ഇന്ത്യയിൽ ഓരോ വർഷവും ഏറ്റവും കൂടുതൽ പുതിയ അർബുദ രോഗികളുണ്ടാവുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. എല്ലാ വർഷവും 55,000 പേർക്ക് അർബുദം വരുന്നുണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിൽ പുരുഷന്മാരിലെ അർബുദ മരണനിരക്കും കൂടുതലാണ്. നേരത്തേ രോഗം തിരിച്ചറിയാതിരിക്കുക, വൻചികിത്സച്ചെലവ്, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തത്, അവബോധമില്ലായ്മ എന്നിവ കൊണ്ട് രോഗത്തിന് കീഴടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
തിരുവനന്തപുരം ആർ.സി.സി.യിൽ 2021-22ൽ ദിവസേന ശരാശരി 697 അർബുദരോഗികളാണെത്തിയത്. ഈ കാലത്ത് പുതിയ 14,183 രോഗികളെ കണ്ടെത്തിയിട്ടുണ്ട്. 2011-12 കാലത്ത് ആർ.സി.സി.യിൽ ഓരോ വർഷവും പതിനായിരത്തിനടുത്ത് പുതിയ രോഗികൾ വന്നിരുന്ന സ്ഥാനത്താണ് പത്തുവർഷം പിന്നിടുമ്പോൾ കാര്യമായ വർധനയുണ്ടായത്.
പാലക്കാട് മെഡിക്കൽ കോളേജിൽ വർഷത്തിൽ 4000-4500 പുതിയ അർബുദബാധിതർ ചികിത്സയ്ക്കെത്തുന്നുണ്ട്. 2021-22ൽ മലബാർ കാൻസർ സെന്ററിലെത്തിയ 8306 പേർ പുതുതായി രോഗംവന്നവരാണ്. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ 2021-ൽ പുതിയ കേസുകൾ 1108-ഉം 2022-ൽ (ഓഗസ്റ്റ് 31 വരെ) 1098-മായിരുന്നു. സ്വകാര്യാശുപത്രികളിലെത്തുന്ന രോഗികൾകൂടി ചേരുമ്പോൾ പുതിയ അർബുദബാധിതരുടെ എണ്ണം വർഷം അരലക്ഷത്തിന് മുകളിലെത്തും.
ചെറുപ്പത്തിലേ വൃക്കരോഗം
ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദവും കൂടുതലുള്ളതു കൊണ്ടാണ് കേരളത്തിലുള്ളവർക്ക് ചെറുപ്പത്തിലേ വൃക്കരോഗങ്ങൾ കൂടുതലായി വരുന്നതെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു. വൃക്കരോഗത്താൽ ഡയാലിസിസിന് വിധേയമാവുന്നവരിലും അവയവമാറ്റം നടത്തുന്നവരിലും നൂറിൽ എഴുപതു പേർ പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനാൽ രോഗികളായവരാണ്. ആരോഗ്യവകുപ്പിനു കീഴിലെ ആശുപത്രികളിലായി 2021-ൽ 83 ഡയാലിസിസ് സെന്ററുകളുണ്ട്. ഇതിനുപുറമേ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമായി പടർന്നുകിടക്കുന്ന ഡയാലിസിസ് സെന്ററുകൾ വേറെയും. താലൂക്കുകളിൽനിന്ന് വില്ലേജുകളിലേക്കും പഞ്ചായത്തുകളിലേക്കും ഡയാലിസിസ് സെന്ററുകൾ വ്യാപിച്ചു കൊണ്ടിരിക്കുന്നു. വൃക്കരോഗികളുടെ എണ്ണം കൂടുന്നതിന്റെ പ്രത്യക്ഷതെളിവുകളാണിത്.
കോവിഡ് കാലത്തെ തെളിവ്
ഇരട്ടരോഗങ്ങൾ മലയാളിയെ എങ്ങനെ ബാധിച്ചുവെന്നറിയാൻ കോവിഡ് കാലത്തെ കണക്കുകൾ നോക്കിയാൽ മതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2020 മാർച്ചിനും 2021 മേയ്‌ക്കുമിടയിൽ കോവിഡ് വന്ന് മരിച്ചവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു നടത്തിയ അന്വേഷണം ഇരട്ടരോഗങ്ങളുടെ ഗൗരവാവസ്ഥ തുറന്നുകാട്ടും. പതിനഞ്ചു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ച 1747 പേരിൽ 88.3 ശതമാനത്തിനും ഒന്നോ അതിലധികമോ ജീവിതശൈലീ രോഗങ്ങളുണ്ടായിരുന്നു. പ്രമേഹവും രക്തസമ്മർദവും ഒരുമിച്ചുള്ളവരും എളുപ്പത്തിൽ കോവിഡിന് കീഴടങ്ങി. 2020-ൽ മരിച്ചവരിൽ 46.8 ശതമാനത്തിന് രക്തസമ്മർദവും 44.8 ശതമാനത്തിന് പ്രമേഹവുമുണ്ടായിരുന്നു. അടുത്ത വർഷം മരിച്ചവരിൽ 53.9 ശതമാനത്തിന് രക്തസമ്മർദവും 48.8 ശതമാനത്തിന് പ്രമേഹവുമുണ്ടായിരുന്നു.
സംസ്ഥാനത്തുണ്ടാകുന്ന പല പകർച്ചവ്യാധികളിലും എളുപ്പം മരണത്തിന് കീഴടങ്ങുന്നത് ജീവിതശൈലീ രോഗങ്ങളുള്ളവരാണെന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ സാംക്രമികരോഗങ്ങളുടെ അതിതീവ്രതയുള്ളയിടത്ത് ഇരട്ടരോഗങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ അത്ര ചെറുതല്ല. ഒപ്പം കോവിഡനന്തര ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളിയായി തുടരുന്നു.
രോഗം കൂടുന്നു; പ്രായം കുറയുന്നു
കേരളത്തിലെ ജീവിതശൈലീ രോഗങ്ങളുടെ പുതിയ പ്രവണത അത് വരുന്നവരുടെ പ്രായം കുറഞ്ഞുവരുന്നതാണ്. കോവിഡ് കാലത്ത് 30-40 വയസ്സുള്ള വൃക്കരോഗികൾ ധാരാളമായി മരിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്രയധികം ചെറുപ്പക്കാർക്ക് അസുഖങ്ങളുണ്ടായിരുന്നെന്ന് തിരിച്ചറിയുന്നതുപോലും അപ്പോഴാണ്. രോഗം നേരത്തേ കണ്ടെത്തിയിട്ടും ശരിയായ ചികിത്സ എടുക്കാത്തവരുമുണ്ട് കൂട്ടത്തിൽ. പത്തു വർഷത്തെ കണക്കെടുത്താൽ ജീവിതശൈലീ രോഗങ്ങൾ വരുന്നവരുടെ പ്രായം പത്തു ശതമാനമെങ്കിലും താഴേക്കു വന്നിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ‘‘പാശ്ചാത്യസമൂഹത്തിൽ 50-60 വയസ്സിനു മുകളിൽ മാത്രം കാണുന്ന അസുഖങ്ങളാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെ പിടികൂടുന്നത്. ഇരുപതു വയസ്സിലൊക്കെ സ്തനാർബുദം കണ്ടെത്തുന്നുണ്ട്.’’ -ഡോ. ബി. പത്മകുമാർ വെളിപ്പെടുത്തുന്നു.
മലയാളിയുടെ അവയവങ്ങൾ ഓരോന്നെടുത്താൽ എല്ലാത്തിനും അസുഖങ്ങളാണെന്ന് പറയേണ്ടിവരും. 40 വയസ്സ് കഴിഞ്ഞാൽ മരുന്ന് ഉപയോഗിക്കാത്തവരില്ലാതായി. കേരളത്തിൽ 30-60 വയസ്സുകാർക്കിടയിലെ മരണത്തിൽ 50 ശതമാനവും രക്തസമ്മർദം, പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം, അർബുദം തുടങ്ങിയ പകരാവ്യാധികളാലാണെന്നും പഠനങ്ങളുണ്ട്. 1980-കളിലൊക്കെ ഹൃദ്രോഗമോ പക്ഷാഘാതമോ ആയി ചികിത്സതേടുന്നവരുടെ ശരാശരി പ്രായം 60-നുമുകളിലായിരുന്നു. ഇപ്പോഴത് 35-40 വയസ്സുകളിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. അകാലവാർധക്യത്തിലേക്കും മാറാരോഗങ്ങളിലേക്കുമാണ് മലയാളിയുടെ പോക്ക്.
പത്തു വർഷത്തെ കണക്കെടുത്താൽ ജീവിതശൈലീ രോഗങ്ങൾ വരുന്നവരുടെ പ്രായം പത്തു ശതമാനമെങ്കിലും താഴേക്കു വന്നിട്ടുണ്ട്. കോവിഡ് കാലത്ത് 30-40 വയസ്സുള്ള വൃക്കരോഗികൾ ധാരാളമായി മരിച്ചിട്ടുണ്ട്. കേരളത്തിൽ ഇത്രയധികം ചെറുപ്പക്കാർക്ക് അസുഖങ്ങളുണ്ടായിരുന്നെന്ന് തിരിച്ചറിയുന്നതുപോലും അപ്പോഴാണ്.





