Payangadi
പഞ്ചായത്ത് അധികൃതർ അവഗണിച്ച മാടായി സൗത്ത് എൽ പി സ്കൂൾ ശുചീകരണ പ്രവർത്തി ഏറ്റെടുത്ത് പൂർവ വിദ്യാർത്ഥി കൂട്ടായ്മയും നാട്ടുകാരും
3 Jun 20241 മിനിറ്റ് വായന
സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി സർക്കാർ ഉത്തരവ് പ്രകാരം കഴിഞ്ഞ ഒരാഴ്ച സംസ്ഥാന വ്യാപകമായി സ്കൂളുകൾ ശുചീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യമൊന്നും മാടായി പഞ്ചായത്ത് അധികൃതർ അറിഞ്ഞമട്ടില്ല. മാടായി സൗത്ത് എൽ പി സ്കൂൾ ശുചീകരിക്കുന്ന കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിലെ ഇല്ലായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി സ്കൂളും പരിസരവും ശുചീകരിക്കുന്നതിനു വേണ്ടി ദിവസങ്ങൾക്ക് മുൻപ് തന്നെ സ്കൂൾ അധികൃതർ പഞ്ചായത്തിന് അപേക്ഷ നൽകി അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. എന്നാൽ പഞ്ചായത്ത് ഈ കാര്യം അവഗണിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം വരെയും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടികൾ ഒന്നും ഉണ്ടായില്ല.
ഇതേ തുടർന്നാണ് സ്കൂൾ തുറക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ച പൂർവ്വ വിദ്യാർഥികളും നാട്ടുകാരും മറ്റും മുന്നിട്ടിറങ്ങി സ്കൂൾ ശുചീകരിച്ചത്. സ്കൂളിനോടുള്ള മാടായി പഞ്ചായത്തിന്റെ അവഗണനയിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.





