Payangadi
ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; വെങ്ങരയിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഇന്ന് ഉയരും..
30 Jan 20241 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ആയിരങ്ങൾക്ക് ദർശനഭാഗ്യമേകാൻ വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരും.
പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനമായ തിങ്കളാഴ്ച പന്തൽമംഗലത്തിന്റെ സ്മൃതിയറിയിച്ച് മംഗലക്കുഞ്ഞുങ്ങൾ തിരുമുറ്റത്തെത്തി.
ക്ഷേത്ര മതിൽക്കെട്ടിനകത്തും പുറത്തും കൂടിനിന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കിയാണ് ഋതുമതികളാകാത്ത പെൺകുഞ്ഞുങ്ങളുടെ പന്തൽമംഗലം നടന്നത്. മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്ര തിരുമുറ്റത്തെത്തിയത്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും മുല്ലപ്പൂക്കളും ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് കുട്ടികൾ അരങ്ങിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾ വ്രതാനുഷ്ഠാനത്തിലായിരിക്കണം. അച്ഛന്റെയോ അടുത്ത ബന്ധുവിന്റെയോ ചുമലിലേറി കുഞ്ഞുങ്ങൾ ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലംവെച്ചു. കുട്ടികൾ കൈയിലുള്ള വെറ്റില മുറിച്ചെടുത്ത് പിറകിലോട്ടെറിഞ്ഞുകൊണ്ടാണ് ക്ഷേത്രത്തെ വലംവെക്കുക. മൂന്നുതവണ ക്ഷേത്രത്തെ വലംവെച്ചു.





