പഴയങ്ങാടിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വ്യാഴാഴ്ച രാവിലെ പഴയങ്ങാടി ബസ്റ്റാൻഡ്, ബീവി റോഡ്, മാടായി വാടിക്കൽ, വെങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റത്. സുഭാഷ് വെങ്ങര, ജലീൽ വളപട്ടണം, സുനിൽ ദത്ത് വാടിക്കൽ, ഹസൻ ബീവി റോഡ്, സാന്ദ്ര വെങ്ങര , കൃഷ്ണൻ വാടിക്കൽ, ഇതര സംസ്ഥാന തൊഴിലാളിയായ നസ്ത ഗിരി എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ കണ്ണൂർ മെഡിക്കൽ കോളജ്, പഴയങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സതേടി. പഴയങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ഭീഷണി ഉണ്ടെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.