Payangadi
പഴയങ്ങാടിയെ കെ.എസ്.ആർ.ടി.സി. കൈയൊഴിഞ്ഞു; ജനം കഷ്ടപ്പാടിൽ..
20 Nov 20231 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live) : ഒരു കാലത്ത് പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റൂട്ടിൽ ചെയിൻ സർവീസായി ഓടിയ കെ.എസ്.ആർ.ടി.സി. ബസുകൾ ഇന്ന് ഈ വഴി കൈയൊഴിഞ്ഞു.
പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, ഇരിണാവ്, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ സ്ഥിരയാത്രയ്ക്കായി മുൻപ് കെ.എസ്.ആർ.ടി.സി. ബസുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു ബസാണ് റൂട്ടിൽ സർവീസ് നടത്തുന്നത്.
രാവിലെ അഞ്ചിന് പയ്യന്നൂർ ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന ഈ ബസ് രാവിലെ 6.10-ന് കണ്ണൂരിലെത്തും. വൈകീട്ട് കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് ഒരു സർവീസ് കൂടിയുണ്ട്.
ഏറെ ലാഭകരമായ റൂട്ടായിട്ടും കെ.എസ്.ആർ.ടി.സി. ഇതിനെ കൈയൊഴിയുകയായിരുന്നു. നേരത്തെ 20-ഓളം കെ.എസ്.ആർ.ടി.സി. ബസുകൾ ഈ റൂട്ടിൽ ഓടിയിരുന്നു. മുൻപ് സർക്കാർ ജീവനക്കാർക്ക് യാത്രചെയ്യുന്നതിന് ‘ബോണ്ട് സർവീസ്’ നടത്തിയിരുന്നു. അതും ഇപ്പോഴില്ല. സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് തിക്കിത്തിരക്കി പോകേണ്ട അവസ്ഥയുമാണ്. ബസുകൾ കുറവായതിനാൽ കൃത്യസമയത്ത് ജീവനക്കാർക്ക് ഓഫീസുകളിലെത്താനും ബുദ്ധിമുട്ടാണ്. സ്വകാര്യ ബസുകളുടെ എണ്ണവും കുറവായതിനാൽ യാത്ര ദുഷ്കരമാവുകയാണ്.
കണ്ണൂരിലേക്കും കണ്ണൂരിൽനിന്ന് പഴയങ്ങാടി ഭാഗത്തേക്കും പുലർച്ചെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. സർവീസുകൾ നിലച്ചത് യാത്രക്കാർക്ക് ദുരിതമായി. ഈ പ്രദേശങ്ങളിലുള്ളവർ, ദൂരയാത്ര കഴിഞ്ഞ് പുലർച്ചെ കണ്ണൂരിലെത്തിയാൽ ബസ് കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നു. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും സ്വകാര്യ ബസുകൾ പലതും ഓടാറില്ലെന്ന പരാതിയുമുണ്ട്.





