Payangadi
പഴയങ്ങാടിയിലെ സംഘർഷം:30 ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസ്..
22 Nov 20231 മിനിറ്റ് വായന
സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ എം.പി.വിഷ്ണു, പി.വി.സതീഷ്, അമൽ ബാബു, സജിത്ത് ചെറുതാഴം, അതുൽ കണ്ണൻ, റമീസ്, അനുവിന്ദ്, ജിതിൻ, അനുരാഗ്, ഷുക്കൂർ അഹമ്മദ്, അർജുൻ കുറ്റൂർ, അർ ഷാദ് കുറ്റൂർ, സിബി, ഹരിത്ത് തുടങ്ങി കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയ അക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കല്യാശ്ശേരി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.പി. രാഹുലിന്റെ പരാതിയിലാണ് കേസെടുത്തത്.
അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാൽ (30), മഹിത മോഹൻ (35), കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി.പി.രാഹുൽ (30), കെ.എസ്.യു. ബ്ലോക്ക് സെക്രട്ടറി
സഞ്ജു സന്തോഷ് (19), മിഥുൻ കുളപ്പുറം (33), മാടായി കോളേജ് ചെയർമാൻ സായി ശരൺ (20) എന്നിവർക്കെതിരെയാണ് കരിങ്കൊടി കാണിച്ചതിന് കേസെടുത്തത്. തിങ്കളാഴ്ച മാടായിപ്പാറയിൽ കല്യാശ്ശേരി മണ്ഡലം നവ കേരളസദസ്സ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരേ എരിപുരം വൈദ്യുതി ഓഫീസിനു മുന്നിൽ കരിങ്കൊടി കാണിച്ചപ്പോഴായിരുന്നു മർദനം. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. തലയ്ക്ക് സാരമായി പരിക്കേറ്റ സുധീഷ് വെള്ളച്ചാലിനെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മുറിയിലേക്ക് മാറ്റി.





