Payangadi
HomeNews

കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും

18 Oct 20231 മിനിറ്റ് വായന
കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും


പഴയങ്ങാടി (Payangadi Live): കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പി.ജി. ഹോസ്റ്റൽ, രജിസ്ട്രേഷൻ കൗണ്ടർ, വിശ്രമകേന്ദ്രം, നഴ്സിങ് കോളേജിലെ ലൈബ്രറി ലക്ചർ ഹാൾ എന്നീ പ്രവൃത്തികളുടെ വിശദമായ ആർക്കിടെക്ച്ചറൽ ഡ്രോയിങ്ങും പാരാ മെഡിക്കൽ ഹോസ്റ്റലിന്റെ സ്ട്രക്ചറൽ ഡിസൈൻ ഡ്രോയിങ്ങും വേഗത്തിൽ പൂർത്തികരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ എം. വിജിൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനയോഗം തീരുമാനിച്ചു.

പരിയാരം ഗവ. ആയുർവേദ കോളേജ് ലേഡീസ് ഹോസ്റ്റൽ ഒന്നാംനിലയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതാടൊപ്പം രണ്ടാംനിലയുടെ പ്രവൃത്തി തുടങ്ങാനും തീരുമാനിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം മാർച്ചിൽ പൂർത്തികരിക്കും.

കവിൻമുനമ്പ് പാലം, മൂലക്കീൽ കടവ് പാലം എന്നിവയ്ക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി വേഗത്തിൽ പൂർത്തികരിക്കണമെന്ന് എം.എൽ.എ. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പഴയങ്ങാടി പുതിയ പാലത്തിന്റെ പൈൽ ക്യാപ്പ് പൈലിങ്‌ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

വെങ്ങര റേയിൽവേ മേൽപ്പാലത്തിന്റെ റെയിൽവേയുടെ ഭാഗത്തുള്ള പ്രവൃത്തിക്ക് അനുമതിയായി. പാറക്കടവ്, താവം കപ്പ് എന്നിവിടങ്ങളിൽ പുതിയപാലം നിർമിക്കാനുള്ള ഇൻവെസ്റ്റിഗേഷൻ പൂർത്തിയായി. ആറുകോടി രൂപ അനുവദിച്ച പഴയങ്ങാടി റേയിൽവേ അടിപ്പാത നിർമിക്കുന്നതിനായി സെൻറ്റേജ് ചാർജ് അടക്കുന്നതിനുള്ള കത്ത് റെയിൽവേക്ക് നൽകി. മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തികരിക്കണമെന്ന് എം.എൽ.എ. പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക