Payangadi
HomeNews

അക്ഷരവഴിയിലെ എട്ടരപതിറ്റാണ്ട്‌

19 Oct 20231 മിനിറ്റ് വായന
അക്ഷരവഴിയിലെ  എട്ടരപതിറ്റാണ്ട്‌


കണ്ണപുരം:(www.payangadilive.in) 
ജാതീയതയ്ക്കും ജന്മി നാടുവാഴിത്തത്തിനുമെതിരെ പോരാട്ടം നയിച്ചവർക്ക് ഊർജ സ്രോതസായിരുന്ന ഇടക്കേപ്പുറം വടക്ക് ദേശീയ യുവജനസംഘം വായനശാല ആൻഡ് ഗ്രന്ഥാലയം 86 വർഷം പിന്നിടുന്നു. പകർച്ചവ്യാധികളും പട്ടിണിയും താണ്ഡവമാടിയ കാലത്തടക്കം ജനതയെ ചേർത്തുപിടിച്ച് മുന്നേറിയ വായനശാലയുടേത് ഉള്ളലിയിക്കുന്ന ചരിത്രം.
1937ൽ സ്ഥാപിതമായ ദേശീയ യുവജനസംഘം വായനശാല കണ്ണപുരത്തെ ആദ്യ വായനശാലകളിലൊന്നാണ്. ത്യാഗനിർഭരമായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെയാണ് പ്രദേശത്തിന്റെ അക്ഷരഗോപുരമായി ഉയർന്നത്. സാധാരണ ജനങ്ങൾക്ക് ഒത്തുകൂടാനുള്ള പൊതുയിടം എന്ന നിലയിലും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെയും കർഷക–- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രവർത്തകർക്കുള്ള സംഗമകേന്ദ്രം എന്ന നിലയിലും പ്രവർത്തിച്ചു. പി കൃഷ്ണപിള്ള, കെ പി ആർ, ഇ കെ നായനാർ തുടങ്ങിയ ദേശീയ നേതാക്കൾ വായനശാലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. രണ്ടാം ലോകയുദ്ധത്തെ തുടർന്ന് പട്ടിണിയും ദാരിദ്ര്യവും രൂക്ഷമാവുകയും വസൂരി പടരുകയുംചെയ്ത 1945-–-50 കാലഘട്ടം. മഹാവ്യാധിക്ക് ഇരയായവരെ ശുശ്രൂഷിക്കാനും പരിചരിക്കാനും ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം മുന്നിട്ടിറങ്ങിയത് വായനശാല പ്രവർത്തകരായിരുന്നു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട വീട്ടമ്മ വസൂരി പിടിച്ച് മരിച്ചപ്പോൾ സംസ്കരിക്കാൻ തയ്യാറാകാതെ ബന്ധുക്കൾപോലും മാറി നിന്ന സമയത്ത് വായനശാല പ്രവർത്തകൻ തൂണോളി അമ്പു നായർ മൃതദേഹം ഒറ്റയ്ക്ക് ചുമന്നുകൊണ്ടുപോയി സംസ്കരിച്ചതും ചരിത്രത്തിലെ ഏടാണ്.
ഇടക്കേപ്പുറം യുപി സ്കൂൾ കാലവർഷക്കെടുതിയിൽ തകർന്നപ്പോൾ വായനശാല നിർമിക്കാൻ കരുതിവച്ച കല്ലും മരങ്ങളും ഓടുകളും നൽകിയാണ് സ്കൂൾ പുനർനിർമാണത്തിൻ വായനശാല പങ്കാളിയായത്. വാടകയ്ക്ക് പ്രവർത്തിച്ച വായനശാല 1983ൽ സ്വന്തം കെട്ടിടം നിർമിച്ചു.
1986ൽ നാട്ടുകാരുടെ സഹായത്തോടെ ലൈബ്രറിയും സ്ഥാപിച്ചു. ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ വായനശാലയുടെ മുകളിലെ നിലയിൽ മീറ്റിങ് ഹാളും നിർമിച്ചു. റഫറൻസ് ഗ്രന്ഥങ്ങൾക്ക് പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്. എ ഗ്രേഡ് ലഭിച്ച ലൈബ്രറിയിൽ പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുണ്ട്.
വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവയും പ്രവർത്തിക്കുന്നു. എല്ലാ മാസവും ജീവിത ശൈലീരോഗ ക്യാമ്പുകളും കലാ സാംസ്കാരിക ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വനിതാവേദിയുടെ കാർഷികരംഗത്തെ ഇടപെടലും ശക്തമാണ്. അയ്യോത്ത് വയലിൽ ഒരേക്കറിലേറെ നെൽകൃഷിയുണ്ട്. യു വി സുഗുണൻ പ്രസിഡന്റും എം പി ദിനേശൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക