India
HomeNews

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍; എ​ന്‍​ഡി​എ ബ​ന്ധം ഉ​പേ​ക്ഷിച്ചാല്‍ പിന്തുണയെന്ന്‍ എന്‍സിപി

10 Nov 20191 മിനിറ്റ് വായന
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍; എ​ന്‍​ഡി​എ ബ​ന്ധം ഉ​പേ​ക്ഷിച്ചാല്‍ പിന്തുണയെന്ന്‍ എന്‍സിപി

ന്യുഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച്‌ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. 105 സീറ്റുള്ള ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചത്. 56 സീറ്റുകളാണ് ശിവസേനയ്ക്കുള്ളത്. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ നിലപാട് അറിയിക്കണമെന്ന് മഹാരാഷ്ട്ര രാജ്ഭവന്‍ ശിവസേന നേതൃത്വത്തെ അറിയിച്ചു.

ശിവസേനയില്‍നിന്നു തന്നെ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. ശിവസേനയില്‍ നിന്നു തന്നെ മുഖ്യമന്ത്രിയുണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ഇന്ന് പറഞ്ഞിട്ടുണ്ട്. ഉദ്ദവ് ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ അര്‍‌ഥം, എന്തു വിലകൊടുത്തും ശിവസേനയില്‍നിന്നു തന്നെയാവും മുഖ്യമന്ത്രി എന്നുതന്നെയാണ് സഞ്ജയ് റൗത്ത് പറഞ്ഞു.

ശിവസേനയ്ക്ക് എന്‍.സി.പി പുറത്തുനിന്ന് പിന്തുണ നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കി. ബിജെപിയുമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലെന്നു പ്രഖ്യാപിച്ചാല്‍ മാത്രമേ ശിവസേനയ്ക്കു പിന്തുണ നല്‍കുകയുള്ളെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ ശിവസേന തയാറാകണം. കേന്ദ്രമന്ത്രിസഭയില്‍നിന്നും ശിവസേന തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയും വേണം തുടങ്ങിയവയാണ് ഉപാധികള്‍. ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്.

ശിവസേനയില്‍നിന്നും ഇതുവരെ ഒരുതരത്തിലുള്ള നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ല. ശരത് പവാര്‍ പ്രഖ്യാപിച്ചതുപോലെ കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. ചൊവ്വാഴ്ച എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും നവാബ് മാലിക് അറിയിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ബി.ജെ.പി മഹാരാഷ്ട്ര ഗവര്‍ണറെ അറിയിച്ചത്. മുന്നണിയായി മത്സരിച്ചിട്ട് ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും സ്ഥിരീകരിച്ചു.
 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക