Payangadi
HomeNews

പഴയങ്ങാടിയിൽ വേണം സമാന്തര പാത...

5 Jul 20231 മിനിറ്റ് വായന
പഴയങ്ങാടിയിൽ വേണം സമാന്തര പാത...
പഴയങ്ങാടി (www.payangadilive.in) : കനത്ത മഴയിൽ പഴയങ്ങാടി റെയിൽവേ അടിപ്പാലത്തിലുണ്ടായ വെള്ളക്കെട്ട് ഇതുവഴിയുള്ള യാത്ര ദുരിതമാക്കി. കുപ്പിക്കഴുത്തുപോലുള്ള അടിപ്പാതയിൽ വെള്ളം കൂടുതൽ കെട്ടിക്കിടക്കുന്നത് ഇതുവഴിയുള്ള വാഹന ഗതാഗതത്തെ ബാധിക്കുന്നു.

പഴയങ്ങാടി-പുതിയങ്ങാടി പൊതുമരാമത്ത് റോഡിലാണ് പഴയങ്ങാടി റെയിൽവേ അടിപ്പാതയുള്ളത്. ബ്രിട്ടീഷുകാർ കാളവണ്ടിക്ക് കടന്നുപോകാൻ പാകത്തിലാണ് ഇത് നിർമിച്ചത്. പിന്നീട് പരിഷ്കരിച്ചെങ്കിലും ഒരുവലിയ വാഹനത്തിന് കടന്നുപോകാൻ പാകത്തിലുള്ള വീതിയെ ഇപ്പോഴുമുള്ളൂ. അതിനാൽ ഗതാഗതക്കുരുക്ക് ഇവിടെ പതിവാണ്.

ചൂട്ടാട് ബീച്ച്, മാടായി, മാട്ടൂൽ നിവാസികൾ നിത്യേന ഉപയോഗിക്കുന്നതുമായ റോഡിലാണ് ഈ അടിപ്പാതയുള്ളത്. ഇത് പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയ്ക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. അടിപ്പാതയുടെ താഴെ ഭാഗത്തെ റോഡാകട്ടെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞനിലയിലുമാണ്.

വാഹനത്തിൽ വെള്ളംകയറി ഓഫാകുന്ന അവസ്ഥയാണ്. ഇവിടെ ഗതാഗതക്കുരുക്കിനൊപ്പം വെള്ളക്കെട്ടും വന്നതോടെ ഇത് നിയന്ത്രിക്കാൻ ഇവിടെ ഹോം ഗാർഡിനെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഇവർ പറയുന്നതൊന്നും അനുസരിക്കാതെ ലക്കുംലഗാനുമില്ലാതെ വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത് ഗതാഗതക്കുരുക്ക് സങ്കീർണമാക്കുന്നു.

വീതികുറഞ്ഞ അടിപ്പാത കാരണം ഇതുവഴി കടന്നുപോകുന്ന വാഹന-കാൽനട യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വലുതാണ്. വെള്ളമൊഴുകാൻ നല്ലൊരു ഓവുചാൽ പോലും ഇവിടെയില്ല. ഇതിനൊരു ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

സമാന്തരപാതയ്ക്ക് ആറ് കോടി


ഇവിടത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാൻ എം. വിജിൻ എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ബജറ്റിൽ ആറ് കോടി രൂപ സമാന്തരപാത നിർമിക്കാനായി നീക്കിവച്ചിരുന്നു.

ഇതിന്റെ പ്രവർത്തനം നടക്കുന്നതായാണ് വിവരം. സാങ്കേതിക പ്രശ്നനങ്ങളിൽ തട്ടി നീണ്ടുപോകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്നുകൂടി നല്ല പിന്തുണ ലഭിച്ചാൽ കാര്യം എളുപ്പമാകും.

                  വീഡിയോ കാണാൻ 👇



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക