Information
രക്ഷപ്പെടാൻ ശ്രമിച്ച മണൽ ലോറി വീട്ടു മതിൽ തകർത്തു
28 Mar 20231 മിനിറ്റ് വായന

പഴയങ്ങാടി: അനധികൃത മണൽകടത്ത് പോലീസ് പിൻതുടരുന്നത് കണ്ട് അമിത വേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ച മണൽ ലോറി വീട്ടു മതിൽ തകർത്തു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. രാത്രി കാലപട്രോളിംഗിനിടെ പഴയങ്ങാടി എസ്.ഐ.രൂപാ മധുസൂദനനും സംഘവും മാട്ടൂലിൽ നിന്നും മണലുമായി വരികയായിരുന്ന ടിപ്പർ ലോറിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അമിത വേഗതയിൽ കണ്ണപുരം സ്റ്റേഷൻ പരിധിയിലേക്ക് ഡ്രൈവർ ലോറിയുമായി രക്ഷപ്പെടാൻ ശ്രമിച്ചത്.പോലീസ് പിൻതുടരുന്നത് കണ്ട് അമിത വേഗതയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരിണാവ് സി.ആർ.സി.ക്ക് സമീപത്തെ ആൾ താമസമില്ലാത്ത വീടിൻ്റെ മതിൽ ഇടിച്ച് തകർത്ത ശേഷമാണ് ലോറി നിന്നത്.അപകടത്തെ തുടർന്ന് ടിപ്പർ ലോറി ഡ്രൈവർ ഇരുളിൽ ഓടി രക്ഷപ്പെട്ടു. മണൽ കടത്തിനു ഉപയോഗിച്ച കെ എൽ 13.എസ്.1871 നമ്പർ ടിപ്പർ ലോറി പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കായി അന്വേഷണം ഊർജിതമാക്കി.





