Payangadi
HomeNews

വരുന്നൂ ചെറുതാഴം കഫേഉദ്ഘാടനം ജൂലൈ മൂന്നിന്

1 Jul 20231 മിനിറ്റ് വായന
വരുന്നൂ ചെറുതാഴം കഫേഉദ്ഘാടനം ജൂലൈ മൂന്നിന്
ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 22 വനിതകള്‍ക്ക് തൊഴിലവസരമൊരുക്കി ചെറുതാഴം കഫേകള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ജൂലൈ മൂന്നിന് രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതകള്‍ക്കായി ചെറുതാഴം കഫേ എന്ന പേരില്‍ തൊഴില്‍ സംരംഭം ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിന് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി രണ്ട് പേരടങ്ങിയ 11 ഗ്രൂപ്പുകള്‍ക്കുള്ള കോഫീ ബങ്കുകള്‍ തയ്യാറാക്കി. ഇവ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ഐഫ്രം ഏജന്‍സിയുടെ സഹായത്തോടെ സംരംഭകര്‍ക്ക് ഒരു മാസത്തെ പാചക പരിശീലനവും നല്‍കി. ചായ, കാപ്പി, ലഘു പലഹാരങ്ങള്‍ തുടങ്ങിയവ മികച്ച ഗുണനിലവാരത്തില്‍ കഫേകളിലൂടെ വിതരണം ചെയ്യും.

അടുത്ത ഘട്ടത്തില്‍ അഞ്ചംഗ ഗ്രൂപ്പിനെ നിയമിച്ച് ഒരു കേന്ദ്രത്തില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി എല്ലാ കഫേകള്‍ക്കും വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ പറഞ്ഞു. പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് കഫേകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 8.25 ലക്ഷം രൂപയാണ് പദ്ധതിക്ക് പഞ്ചായത്ത് അനുവദിച്ചത്. 75 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക