Payangadi
HomeNews

ദേശീയ പാത അധികൃതര്‍ വാക്കുതെറ്റിച്ചു: പുതിയ ലിസ്റ്റിലുമില്ല കല്യാശ്ശേരി അണ്ടര്‍പാസേജ്

1 Jul 20231 മിനിറ്റ് വായന
ദേശീയ പാത അധികൃതര്‍ വാക്കുതെറ്റിച്ചു: പുതിയ ലിസ്റ്റിലുമില്ല കല്യാശ്ശേരി അണ്ടര്‍പാസേജ്


കല്ല്യാശേരി
: ദേശീയ വികസന അതോറിറ്റി അധികൃതര്‍ നല്‍കിയ ഉറപ്പിനെ അസ്ഥാനത്താക്കി പ്രസിദ്ധീകരിച്ച പുതിയ ലിസ്റ്റിലും കല്യാശ്ശേരി അണ്ടര്‍പാസേജ് ഇടംപിടിച്ചില്ല.

കല്യാശ്ശേരി സ്‌കൂളിന് സമീപം അണ്ടര്‍പാസേജ് വേണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും കനത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല.

നാടിന്റെ ആവശ്യം പരിഗണിച്ച്‌ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന നിലയില്‍ മൂന്നുമീറ്റര്‍ വീതിയില്‍ അണ്ടര്‍പാസേജ് അനുവദിക്കാമെന്ന കഴിഞ്ഞ മാസം കല്യശേരി സന്ദര്‍ശിച്ച ദേശീയപാത അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കൻഡറി സ്‌കൂള്‍, പോളിടെക്നിക്ക്, ആശുപത്രി, വില്ലേജ് ഓഫീസ് ഉള്‍പ്പടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ഉള്ള പ്രധാന കേന്ദ്രമായതിനാലാണ് കല്യശേരിയില്‍ കെ.വി.മന്ദിരത്തിന് സമീപം അണ്ടര്‍വേ വേണമെന്ന ആവശ്യമുയര്‍ന്നത്.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരി മോഡല്‍ പോളി മുതല്‍ കീച്ചേരി വരെ വയക്കര വയലിലൂടെ കടന്നുപോകുന്ന ബൈപാസിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. കല്യശ്ശേരി മുതല്‍ കീച്ചേരി വരെ വയക്കര പാടശേഖരത്തിന്റെ മദ്ധ്യത്തിലൂടെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബൈപാസ് .കണ്ണൂര്‍ ബൈപാസിലെ പ്രധാന പാടശേഖരം കൂടിയാണിത്. ഇതിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി.

ടോള്‍പ്ളാസക്കെതിരെയും ആക്ഷേപം

ജനവാസ കേന്ദ്രമായ ഹാജിയൊട്ടയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടോള്‍പ്ലാസക്കെതിരെയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിര്‍ദിഷ്ട ടോള്‍ പ്ലാസ വയക്കര വയലിലേക്ക് മാറ്റി ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് കല്യശ്ശേരി പഞ്ചായത്ത് ഭരണസമിതി അടക്കം അധികൃതരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പൂര്‍ണമായി അവഗണിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക